കുമളി
ആളും ആരവവുമില്ലാതെ ‘ആമക്കട’ ഇന്ന് സഞ്ചാരികളുടെ വിദൂരക്കാഴ്ച മാത്രം. ബോട്ട് ലാൻഡിങ്ങിലേക്ക് വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിൽ സഞ്ചാരികളെ എത്തിക്കാൻ തുടങ്ങിയതോടെയാണ് ആമക്കടയിൽ ആളില്ലാതായത്. കൂറ്റൻ കോൺക്രീറ്റ് ആമ, ഉൾവശം വാച്ചർമാർ നടത്തുന്ന കട– ഇതാണ് ‘ആമക്കട’. നാല് വശങ്ങളും ചില്ലിട്ടിരിക്കുയാണ്. ആനയുടെ ആക്രമണം ഉണ്ടാവാതിരിക്കാൻ ചുറ്റും കിടങ്ങ്. ഇരുവശങ്ങളും കല്ലുകെട്ടി സുരക്ഷിതമാക്കിയിട്ടുമുണ്ട്. ഇതിൽ വെള്ളം സംഭരിച്ച് മത്സ്യവും ആമ്പലും വളർത്തുന്നു. കിടങ്ങ് കടക്കാൻ തടിപ്പാലത്തിന്റെ മാതൃകയിൽ കോൺക്രീറ്റ് പാലം, കാട്ടുകമ്പിന്റെയും പടർപ്പിന്റെയും മാതൃകയിൽ സിമന്റിലാണ് ഇവയൊക്കെ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾ ആമക്കടയ്ക്ക് മുന്നിൽനിന്നൊരു ‘ഫോട്ടോ സെഷൻ’ നിർബന്ധമായിരുന്നു.
വിനോദ സഞ്ചാരകേന്ദ്രത്തിനുള്ളിലെ രാമൻ പാർക്കിൽ 2001ലാണ് ആമക്കട നിർമിച്ചത്. ഇതോടെ രാമൻ പാർക്ക് ആമപ്പാർക്കായി മാറുകയും ചെയ്‌തു. പുനലൂർ സ്വദേശി ആർ രഘുനാഥാണ് ഇതിന്റെ ശിൽപ്പി. ആറുമാസംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
ഫോറസ്റ്റ് വാച്ചർമാരുടെ ഇഡിസികൾ ഉൾപ്പെടുന്ന പെറ്റ്സ് ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയാണ് ആമക്കട നടത്തുന്നത്. ചായയും കാപ്പിയും ലഘുഭക്ഷണവും കൂടാതെ പെരിയാർ ടൈഗർ റിസർവ് കാഴ്‌ചകളുടെ വിവിധ ചിത്രങ്ങൾ ആലേഖനം ചെയ്‌ത ടീ ഷർട്ട്, വനംവകുപ്പിനെ കുറിച്ചും തേക്കടിയെക്കുറിച്ചുമുള്ള പുസ്‌തകങ്ങൾ, നിരവധി ഫോട്ടോകൾ, പെരിയാർ ടൈഗർ റിസർവിനെ സംബന്ധിച്ചുള്ള സിഡികൾ, പെരിയാർ ഫൗണ്ടേഷനിലെ അംഗങ്ങൾ നിർമിക്കുന്ന സാധനങ്ങൾ എന്നിവയൊക്കെ വിൽപ്പനയ്‌ക്കുണ്ട്.
മുമ്പ് സഞ്ചാരികളുടെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ രാമൻ പാർക്കിന് സമീപത്തായിരുന്നു പാർക്ക് ചെയ്‌തിരുന്നത്. ഇവിടെനിന്ന് കാൽനടയായിട്ടാണ് ബോട്ട് ലാൻഡിങ്ങിലേക്ക് എത്തിയിരുന്നത്. എന്നാൽ 2017ൽ രാമൻ പാർക്കിൽനിന്ന് വാഹന പാർക്കിങ് പുറത്തേക്ക് മാറ്റി. തുടർന്ന് സ്വകാര്യവാഹനങ്ങൾക്ക് നിരോധനവും ഏർപ്പെടുത്തി. ഇപ്പോൾ ബോട്ട് ലാൻഡിങ്ങിലേക്കും തിരിച്ചും സഞ്ചാരികളെയെത്തിക്കുന്നത് വനംവകുപ്പാണ്. ഇതോടെ രാമൻ പാർക്കിലെ തിരക്കും ഇല്ലാതായി. ഇന്നിപ്പോൾ ആമക്കട, ബസ് യാത്രയിലെ വിദൂരക്കാഴ്ച മാത്രമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..