23 December Monday
ജില്ലയില്‍ 590 ഹെക്‍ടറില്‍ കൃഷി

കതിരണിയുന്നു തരിശ് ഭൂമികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024
തൊടുപുഴ
ജില്ലയിലെ തരിശുഭൂമികൾ കതിരണിയുന്ന കാഴ്‍ച സാധാരണമാകുന്നു. നെല്ലും പച്ചക്കറികളുമടക്കം വിവിധ വിളകളാണ് തരിശുനിലങ്ങളിൽ വിളയുന്നത്. സർക്കാർ സബ്‍സിഡിയോടെയാണ് കൃഷി. തരിശുഭൂമികളിൽ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം 590 ഹെക്‍ടറിലാണ് ജില്ലയിൽ കൃഷി ആരംഭിച്ചത്. 2016 മുതലുള്ള കണക്കാണിത്. എന്നാൽ 2018ന് ശേഷമാണ് പദ്ധതി ഇത്രയധികം ജില്ലയിൽ വ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രളയങ്ങൾ, കോവിഡ് എന്നിവയ്‍ക്ക് ശേഷം ഭക്ഷണ സാമഗ്രികൾ പരമാവധി സംസ്ഥാനത്ത് തന്നെ ഉൽപ്പാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ കൂടുതൽ തുക അനുവദിക്കുകയും തരിശുഭൂമികളിലെ കൃഷിക്ക് പ്രാധാന്യം നൽകിയതും. സുഭിക്ഷ കേരളം പദ്ധതിയോട് ചേർന്നാണ് ജില്ലയിൽ കൃഷി.  
2022–24 കാലഘട്ടത്തിൽ മാത്രം 110 ഹെക്‍ടറില്‍ കൃഷിയിറങ്ങി. നെല്ല്, പയർ, വഴുതന, വെണ്ട, പാവൽ, പടവല, വെള്ളരി, വാഴ, കപ്പ, ചെറുധാന്യങ്ങൾ തുടങ്ങി ജില്ലയുടെ കാലാവസ്ഥയ്‍ക്കനുസരിച്ചുള്ള എല്ലാ വിളകളും കൃഷിചെയ്യുന്നു. മറയൂർ, വട്ടവട, കാന്തല്ലൂർ മേഖലകളിലെ ശീതകാല പച്ചക്കറി കൃഷികളും പദ്ധതിയുടെ ഭാഗമാണ്. ആകെ 314 ഹെക്‍ടറിൽ പച്ചക്കറികൾ മാത്രം കൃഷിചെയ്യുന്നു. 30 ഹെക്‍ടറോളം നെൽകൃഷിയും. ദേവികുളം, കട്ടപ്പന, നെടുങ്കണ്ടം ബ്ലോക്കുകളിലാണ് കൂടുതൽ കൃഷി. 
വിളകൾക്കും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്‍തീർണത്തിനും അനുസരിച്ചാണ് കർഷകർക്ക് സബ്സിഡി ലഭ്യമാക്കുന്നത്. അപേക്ഷ സമർപ്പിച്ചാൽ കൃഷിവകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിച്ച് വിലയിരുത്തും. ശേഷം തുക ബാങ്ക് അക്കൗണ്ട് വഴി നൽകും. ക‍ൂടുതലും വ്യക്തിഗത കൃഷിയായിരുന്നെങ്കിലും ഇപ്പോൾ കൃഷി ഗ്രൂപ്പുകളും പദ്ധതിക്കൊപ്പം ഉണ്ട്. സ്ഥലം പാട്ടത്തിനെടുത്തും പദ്ധതിയുടെ ഭാഗമാകാം. 67 ഹെക്‍ടറിലാണ് ജില്ലയിൽ പാട്ട ഭൂമിയിലെ തരിശുകൃഷി. ഈ സാഹചര്യത്തിൽ സബ്‍സിഡി തുകയിൽ ഒരു വിഹിതം സ്ഥലമുടമയ്‍ക്കും ലഭിക്കും. ഇവിടെയും വിളകൾക്കും വിസ്‍തീർണത്തിനും അനുസരിച്ചാണ് സബ്‍സിഡി നൽകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top