27 December Friday

മധുരവണ്ടിയില്‍ 
സാജുവിന്റെ കാല്‍നൂറ്റാണ്ട്

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024
തൊടുപുഴ
പഴവർഗങ്ങൾക്ക്‌ സാജുവിന്റെ ഉന്തുവണ്ടിയിൽ വലിയ ഡിമാൻഡാണ്‌. ദിനം പുലര്‍ന്നാല്‍ അധികം വൈകാതെ പഴങ്ങളുമായി സാജുവെത്തും. തൊടുപുഴ ന​ഗരസഭ ബസ് സ്റ്റാൻഡിന് സമീപം ഈ കാഴ്ച കാല്‍നൂറ്റാണ്ടിലേറെയായി തുടരുന്നു. പട്ടയംകവല സ്വ​ദേശി കുരീക്കുന്നേല്‍ സാജുവാണ് ഉന്തുവണ്ടിയില്‍ പഴങ്ങള്‍ വില്‍പ്പന നടത്തി ജീവിക്കുന്നത്. ഓറഞ്ച്‌, മുന്തിരി, ആപ്പിൾ, ഏത്തപ്പഴം എന്നിവയാണ്‌ അധികവും വിറ്റുപോകുന്നത്‌. ബസ്‌ സ്‌റ്റാൻഡിലേക്ക്‌ പോകുന്നവരും കാൽനട യാത്രക്കാരാണ്‌ പഴങ്ങൾ വാങ്ങുന്നവരിലേറെയും. വിലപേശൽ ഇല്ലെന്നതാണ്‌ ഇവിടുത്തെ പ്രത്യേകത. എല്ലാ പഴങ്ങള്‍ക്കും മറ്റുകടകളിലേക്കാൾ അൽപ്പം വിലക്കുറവുണ്ട്. കാരണം സാജുവിന് അമിതലാഭം വേണ്ട. ഉന്തുവണ്ടിയിലായതിനാൽ കെട്ടിട വാടകയും വരുന്നില്ല.
രാവിലെ ഏഴിന്‌ വിൽപ്പന ആരംഭിക്കും. രാത്രി 8.30ഓടെ കച്ചവടം അവസാനിപ്പിക്കും. സീസണ്‍ ആണെങ്കില്‍ ദിവസേന ശരാശരി 20,000രൂപയിലേറെ വിറ്റുവരവ്. എല്ലാ ചിലവുകളും കഴിഞ്ഞ്‌ ഭാര്യയും മൂന്നുമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തെ പോറ്റാനുള്ള തുക ലഭിക്കും, സാജു പറയുന്നു. തൊടുപുഴ പഴയ ബസ്‌ സ്‌റ്റാൻഡിനോട്‌ ചേർന്ന കടയിലെ തൊഴിലാളിയായിരുന്നു സാജു. പിന്നീടാണ്‌ പുതിയ ബസ്‌ സ്‌റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഉന്തുവണ്ടിയിൽ പഴങ്ങളുടെ കച്ചവടം ആരംഭിച്ചത്‌. കവാടത്തിലെ കച്ചവടത്തിന്‌ നഗരസഭ വിലക്കേർപ്പെടുത്തി. അങ്ങിനയാണ്‌ റോഡുവക്കിലേക്ക്‌ കച്ചവടം മാറ്റിയത്‌. ബസ്‌സ്‌റ്റാൻഡ്‌ കവാടത്തിലെ മറ്റൊരു കച്ചവടക്കാരനായിരുന്ന കുമ്മംകല്ല്‌ സ്വദേശി സുധീറും സാജുവിനൊപ്പം ചേർന്നു. വിറ്റുവരവിന്റെ ലാഭം ഇരുവരും പങ്കിട്ടെടുക്കും. സാജുവിന്‌ ഉന്തുവണ്ടിയിൽ കച്ചവടം നടത്താനുള്ള അനുമതി നഗരസഭ നൽകിയിട്ടുള്ളത്‌ ഇപ്പോഴത്തെ കച്ചവടത്തിന്‌ ഭീഷണിയില്ലാതാക്കി. വിൽപ്പനയ്‌ക്കുള്ള പഴങ്ങൾ തൊടുപുഴ മാർക്കറ്റിൽനിന്നാണ്‌ വാങ്ങുന്നത്‌. ഓറഞ്ച്‌ നാഗപ്പൂരിൽനിന്നും മുന്തിരി തമിഴ്‌നാട്ടിലേതുമാണ്‌. ഇപ്പോൾ കൂടുതൽ വിൽപ്പന ഓറഞ്ചിനാണെന്ന്‌ സാജു പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top