മൂന്നാർ
ഒരു ഭാഗത്ത് ക്ഷേത്ര ഉത്സവം പൊടിപൊടിക്കുമ്പോൾ അര കിലോമീറ്റർ അകലെ കാട്ടാന കൂട്ടത്തിന്റെ വിളയാട്ടം. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷൻ കന്നിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോഴാണ് ഒരു വിളിപ്പാടകലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് കാട്ടാനകൾ തേയില തോട്ടത്തിനരുകിലെത്തിയത്. ബുധൻ വൈകിട്ട് 5.30 ഓടെയാണ് ആനകൾ എത്തിയത്. രണ്ട് ആനകൾ പുല്ല് ഭക്ഷിച്ചും തല ഉയർത്തിയും മേഞ്ഞുകൊണ്ടിരിക്കുമ്പോൾ രണ്ട് പേർ സുഖ നിദ്രയിലുമായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽനിന്നും മുളപ്പാരിയുമായി പോയവർ കാട്ടാനക്കൂട്ടത്തെ തൊട്ടടുത്ത് കണ്ടു. ഉത്സവ ബഹളത്തിനിടയിലും കാട്ടാനകൾ ഉപദ്രവത്തിനൊരുങ്ങാതെ അവിടെ തന്നെ നിന്നു. ഒരു മണിക്കൂർ കഴിഞ്ഞാണ് ആനകൾ കാട്ടിലേക്ക് മടങ്ങിയത്. ഇതിനിടെ കന്നിമല ലോവർ ഡിവിഷനിൽ ഇറങ്ങിയ പടയപ്പ കൃഷിനാശം വരുത്തി. ഇവിടെ നിന്നും പോയ പടയപ്പ പെരിയവരൈ എസ്റ്റേറ്റ് ഗ്രൗണ്ടിനു സമീപം ചുറ്റിത്തിരിയുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..