23 December Monday

‘വൃക്ഷമുത്തശ്ശി’

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

വൃക്ഷമുത്തശ്ശി പുരസ്കാരം നേടിയ ഈട്ടിമരം

കുമളി
പ്രായാധിക്യത്തിന്റെ അവശതകളില്ലാതെ നട്ടെല്ലുയർത്തിനിൽക്കുന്നൊരു വൃക്ഷമുത്തശ്ശിയുണ്ടിവിടെ കുമളിയിൽ. തൊഴിലാളി വിശ്രമകേന്ദ്രമായ ഹോളിഡേ ഹോം വളപ്പിലാണ് കൂറ്റൻ ഈട്ടിമരം തലയെടുപ്പോടെ നിൽക്കുന്നത്‌. 
പെരിയാർ കടുവാസങ്കേതത്തിലെ ഏറ്റവും പ്രായമുള്ള മരത്തെ 2006ൽ സംസ്ഥാന വനംവകുപ്പ് വൃക്ഷമുത്തശ്ശിയായി പ്രഖ്യാപിച്ചിരുന്നു. അന്ന്‌ 300 വർഷത്തിലധികം പഴക്കം കണക്കാക്കിയിരുന്നു. കുമളി ടൗണിലും പരിസരത്തും ജനവാസം ആരംഭിക്കുന്നതിനുമുമ്പ് കാടായിരുന്ന കാലത്താണ്‌ ഈട്ടി കിളിർത്തത്. ഒത്തവളർച്ചയെത്താൻ 150 വർഷം വേണ്ടിവരും. ശാസ്ത്രീയമായി പരിശോധിച്ചാണ്‌ വനംവകുപ്പ്‌ പഴക്കം കണക്കാക്കിയത്‌. മരത്തെ സംരക്ഷിക്കാൻ 2006ൽ ചുവട് ചുറ്റുഭാഗം കരിങ്കൽ ഭിത്തി നിർമിക്കുകയും വൃക്ഷമുത്തശ്ശി എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്‌തിരുന്നു.
ഹോളി ഡേ ഹോം ‘ഉപവനം’ പദ്ധതി ഉൾപ്പെടുന്ന പ്രദേശത്താണ് മരം നിൽക്കുന്നത്. മുത്തശ്ശിമരം വിദേശികളുൾപ്പെടെയുള്ള സന്ദർശകർക്ക്‌ കൗതുകക്കാഴ്‌ചയാണ്‌. ചുവട്ടിൽനിന്ന് ഫോട്ടോയെടുക്കാനും സമൂഹമാധ്യമങ്ങളിൽ പങ്കിടാനും ആരും മറക്കാറില്ല. 18 വർഷത്തിനിപ്പുറവും ഊർജസ്വലമായാണ് മരത്തിന്റെ നിൽപ്പ്. ഇതോടൊപ്പം പക്ഷികളെ ആകർഷിക്കുന്നതിന് കായ്കനിത്തോട്ടവും തേക്ക്, മരുതി, ലവ്വ, അക്കേഷ്യ, വാക തുടങ്ങിയവയും സോഷ്യൽ ഫോറസ്‌റ്റ് വച്ചുപിടിപ്പിച്ചു.
1981 ആഗസ്‌ത് 15നാണ്‌ ഹോളിഡേ ഹോം നാടിന്‌ സമർപ്പിച്ചത്‌. വനംവകുപ്പിൽനിന്ന്‌ പാട്ടത്തിനെടുത്ത ഏഴര ഏക്കർ സ്ഥലത്താണ് കെട്ടിടങ്ങളും തോട്ടവും നിർമിച്ചത്. ആയിരംപേർക്ക്‌ ഇരിക്കാവുന്ന ഓഡിറ്റോറിയവും 80പേർക്ക് ഉപയോഗിക്കാവുന്ന ഡോർമെറ്ററിയും ഇവിടെയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top