26 December Thursday

എൻ വഴി തനീ വഴി പടയപ്പ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

കന്നിമല എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ എത്തിയ പടയപ്പ

മൂന്നാർ
തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പടയപ്പ എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ എൻ വഴി തനീ വഴി(എന്റെ മാത്രം പാത) എന്ന ഡയലോഗിനെ  അനുസ്മരിപ്പിച്ച് സാക്ഷാൽ പടയപ്പയെന്ന് ഓമന പേരിട്ട് നാട്ടുകാർ വിളിക്കുന്ന കാട്ടാന സ്വന്തം തട്ടകത്തിലെത്തി. രണ്ട് മാസങ്ങൾക്ക് ശേഷമാണ് പടയപ്പയുടെ തിരിച്ചു വരവ്. ചൊവ്വ രാത്രി എട്ടോടെ പെരിയവരൈ എസ്റ്റേറ്റിനു സമീപം കന്നിയാർ ബംഗ്ലാവിനുസമീപത്താണ് പടയപ്പ എത്തിയത്‌. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ആർആർടി സംഘം എത്തി ആനയെ കാട്ടിലേക്ക് തുരത്തി. തുടർന്ന് ഇവിടെനിന്ന് പോയ പടയപ്പ കന്നിമല ലോവർ ഡിവിഷനിലെത്തി. മുനിയാണ്ടി രാജ്, കലൈസെൽവൻ, മാടത്തി, ചൊല്ലമാടൻ, ശരവണൻ എന്നിവരുടെ ബീൻസ്, ചീര കൃഷികൾ പൂർണമായി നശിപ്പിച്ചു. ആന എത്തിയതറിഞ്ഞ് നാട്ടുകാർ ബഹളംവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും ബുധൻ പുലർച്ചെ നാലോടെയാണ് പടയപ്പ പിന്തിരിഞ്ഞത്. രണ്ട് മാസം മുമ്പ് നയമക്കാട് കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളിൽനിന്നും അപ്രത്യക്ഷനായ പടയപ്പ കുണ്ടള, എല്ലപ്പെട്ടി, അരുവിക്കാട് തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ ചുറ്റിത്തിരിയുകയായിരുന്നു. രണ്ട്‌ പതിറ്റാണ്ടായി പെരിയവരൈ എസ്റ്റേറ്റ്‌ മേഖലയാണ്‌ പടയപ്പയുടെ വിഹാര കേന്ദ്രം. ഇടയ്‌ക്ക്‌ ഭക്ഷണം തേടി നാടാകെ ചുറ്റും. 60 കിലോ മീറ്ററാണ്‌ പടയപ്പയുടെ സഞ്ചാര പാത. വിശപ്പ്‌ വല്ലാതെ അലട്ടുമ്പോഴാണ്‌ പടയപ്പ അസ്വസ്ഥമാകുന്നത്‌. ഭക്ഷണത്തിനായുള്ള പരക്കംപാച്ചിൽ എന്തെങ്കിലും കിട്ടുമ്പോൾ മാത്രമാണ്‌ ശമിക്കുക. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top