23 December Monday
തുരത്താനുള്ള നടപടി പാളി

കാട്ടാനകൾ കൃഷിയിടങ്ങളിൽതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024
മറയൂർ 
കാന്തല്ലൂരിൽ ജനവാസമേഖലയിൽനിന്ന്‌ കാട്ടാനകളെ തുരത്താനുള്ള ആദ്യശ്രമം വിഫലം. കാട്ടാനകളെ വനമേഖലയിലേക്ക്‌ തുരത്താൻ 84 അംഗ പ്രത്യേകസംഘം  ശ്രമിച്ചെങ്കിലും ഒരു കാട്ടാനയെപ്പോലും മാറ്റാനായില്ല. മൂന്നുദിവസമായി സ്‌ത്രീകളുൾപ്പെടെ നടത്തിയ രാപ്പകൽ സമരത്തെ തുടർന്നാണ്‌ പ്രത്യേകസംഘത്തെ നിയോഗിച്ചത്‌. 
കാന്തല്ലൂരിലെ പാമ്പൻപാറ, ഗുഹനാപുരം, പെരുമല, കുണ്ടുക്കാട് എന്നിവടങ്ങളിലാണ്‌ കാട്ടാനശല്യം രൂക്ഷം. തുടർച്ചയായ മൂന്നുദിവസം അപകടകാരിയായ മോഴയാന പ്രദേശവാസികളെ ആക്രമിച്ചു. പാമ്പൻപാറ സ്വദേശി തോമസ്, ചുരക്കുളം സ്വദേശി സ്റ്റീഫൻ, കാന്തല്ലൂർ സ്വദേശി സ്റ്റീഫൻ എന്നിവർക്ക് പരുക്കേറ്റിരുന്നു. ഇതിൽ തോമസിന്റെ നില ഗുരുതരമായി തുടരുകയാണ്.  
വനംവകുപ്പിന്റെ നിരുത്തരവാദപരമായ ഇടപെടലിനെതിരെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ ജനകീയ സമിതി രാപ്പകൽ സമരം നടത്തിയിരുന്നു. സമരം രൂക്ഷമായതിനെ തുടർന്ന് കലക്ടർ വി വിഗ്നേശ്വരി സമരത്തിന് നേതൃത്വം നൽകിയ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി ടി തങ്കച്ചൻ, പി ടി മോഹൻദാസ് എന്നിവരുമായി ചർച്ചനടത്തി. കാട്ടാനകളെ തുരത്താൻ അടിയന്തര നടപടിയെടുക്കും എന്ന ഉറപ്പിലാണ്‌ സമരം അവസാനിപ്പിച്ചത്‌. 
തുടർന്നാണ്‌ പ്രത്യേകസംഘത്തെ ദൗത്യമേൽപ്പിച്ചത്‌. ആദ്യ ദിവസം കാട്ടാനകളെ കൃഷിമേഖലയിൽനിന്ന്‌ ഡാം സൈറ്റിൽ എത്തിച്ചെങ്കിലും കാടുകയറ്റാൻ കഴിഞ്ഞില്ല. അപകടകാരിയായ മോഴയാന ജനവാസകേന്ദ്രങ്ങളിൽ തുടരുകയാണ്‌. ഇതിനിടെ മറയൂരിലും ജനവാസകേന്ദ്രത്തിൽ കാട്ടാനയെത്തിയത്‌ ഭീതി പരത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top