21 November Thursday

തീപ്പെട്ടിയുണ്ടോ സർ, 
ഒരു കഞ്ചാവ് കത്തിക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

അടിമാലി
 ‘തുരുമ്പെടുത്ത വാഹനങ്ങള്‍ അഞ്ചാറെണ്ണമുണ്ട്, വര്‍ക്ക്ഷോപ്പാ, ഇവിടെ കാണും. നീ പോയി ചോദിക്കെടാ’. ഇങ്ങനെയാകും ആ വമ്പൻ പ്ലാനിങ്. ‘ചേട്ടാ തീപ്പെട്ടിയുണ്ടോ..?’. മദ്യത്തിന്റെ മണംകേട്ട് താനെ ഉറക്കമുണര്‍ന്ന ‘പോഞ്ഞിക്കര’യെപ്പോലെ യൂണിഫോമിലായിരുന്ന എക്സൈസ് ഉദ്യോ​ഗസ്ഥൻ തലയുയര്‍ത്തി നോക്കി. ആവശ്യക്കാരന്റെ അടുത്തുവന്നു. തീപ്പെട്ടി വേണമല്ലേ, ഏയ് വെറുതെ ചോദിച്ചന്നേയുള്ളു. ‘ഇരുമ്പു തൂണിനെ ഉറുമ്പരിക്കുന്നോ’. നിങ്ങളൊന്ന് മാറിനിന്നേ എന്ന ആജ്ഞ വന്നപ്പോഴാണ് ഇരട്ട ഗ്രഹപ്പിഴ ബോധ്യപ്പെടാൻ തുടങ്ങിയത്. 

ആവശ്യക്കാരന് പലപ്പോഴും ഔചിത്യമുണ്ടാകാറില്ല. അത്യാവശ്യക്കാരനാണെങ്കിൽ സ്ഥലകാല ബോധവും നഷ്ടപ്പെടും. ഇതിന്റെ ഉദാഹരണമാണ് അടിമാലി എക്സൈസ് നാർക്കോട്ടിക് സെൽ ഓഫീസിൽ അരങ്ങേറിയത്. മൂന്നാറിന് പോയ വിനോദയാത്ര സംഘത്തിലെ കൗമാരക്കാരായ വിദ്യാർഥികളാണ് കഥാനായകർ. ലഹരി യഥാസമയം ചെന്നാലേ ചെവിചൂടായി വിറയൽ മാറൂ. ഹൈറേഞ്ചിലെ തണുപ്പ് ആദ്യമായി ഏൽക്കുന്നവരാണെങ്കിൽ പറയേം വേണ്ട. തൃശൂരിൽനിന്നു രാവിലെയാണ് അധ്യാപകർക്കൊപ്പം യാത്ര തിരിച്ചത്. എത്ര നേരാന്നുവച്ചാ കാത്തിരിക്കുക. അൽപം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും അടിമാലിയിൽ ഇറങ്ങി. നേരത്തെ സെറ്റപ്പാക്കിയിരുന്ന 'മറ്റവനെ' പൂശാമെന്ന് കരുതിയാണ് ആദ്യം രണ്ട് വിരുതൻമാർ ആഴമറിയാതെ കാലെടുത്ത് വച്ചത്.
പിന്തിരിഞ്ഞോടാൻ ശ്രമിച്ചെങ്കിലും മുതലപ്പിടുത്തമെത്തി. നാർക്കോട്ടിക് എൻഫോഴ്‍സ്‍മെന്റ് സ്‍ക്വാഡ് ദേഹമാകെ ഉഴിഞ്ഞൊരു പരിശോധന. അത്യാവശ്യം ക്ഷീണമകറ്റാനാവശ്യമായ അളവിൽ കഞ്ചാവും ഹാഷിഷുമേ കണ്ടെത്തിയുള്ളു. വിൽപ്പനയ്‍ക്കുള്ളതല്ലെന്ന് ബോധ്യമായ ലഹരിവിരുദ്ധ സ്ക്വാഡിന് അലിവു തോന്നി. കുട്ടികളല്ലേ ‘ആശാന്മാർ ക്ഷമിച്ചിരിക്കുന്നു'. എന്നാൽ ചെറിയ കേസെടുക്കും വലിയ ഉപദേശവും നൽകും.  കുട്ടികൾ മാളത്തിലിട്ട കൈ കുരുങ്ങിയ വിവരം അധ്യാപകരെയും കൂട്ടുകാരെയും അറിയിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നവർ ഓടി നാർക്കോട്ടിക്ക് സ്റ്റേഷനിലേക്ക്. നായെ പേടിച്ചോടി നരിയുടെ മുമ്പിലകപ്പെട്ട ശിഷ്യരുടെ പരിതാപകരമായ നിൽപ്പ് അവർക്കും സഹിക്കാനായില്ല. 
വന്നുപെട്ടതാണെങ്കിലും നാർക്കോട്ടിക് സെല്ലിന് ഒരു കേസായി. പിന്നീടിതിനെ വിപുലപ്പെടുത്താനുള്ള അന്വേഷണവും നടത്തി. കഞ്ചാവിനും ഹാഷിഷ് ഓയിലും പുറമെ കഞ്ചാവ് ഉപയോഗിക്കാനുള്ള ഒസിബി പേപ്പർ, ബീഡി മുതലായവും കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത 10 കുട്ടികളായിരുന്നു സംഘത്തിൽ. വിദ്യാര്‍ഥികള്‍ക്ക് എക്‍സൈസ് വക കൗണ്‍സിലിങ്. നല്ലപോലെ ഉപദേശിക്കാറുള്ള അധ്യാപകരും നിറച്ചുകേട്ടു. രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് പിള്ളേരെ വിട്ടത്. ഇത്രയൊക്കെയായിട്ടും 'ഇതൊക്കെ എന്ത്' എന്ന മട്ടിലായിരുന്നു ചില വിദ്യാർഥികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top