23 December Monday

പറന്ന് കോഴിവില അജിന്‍ അപ്പുക്കുട്ടന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

 കട്ടപ്പന

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഫാമുകളിൽ ഉൽപാദനം കുത്തനെ കുറഞ്ഞതോടെ ഇറച്ചിക്കോഴി വില ഉയർന്നുതന്നെ. 145 രൂപയാണ് ഇപ്പോഴത്തെ വില. ദീപാവലി പ്രമാണിച്ച് കടകളിൽ വിൽപ്പനയും വർധിച്ചിട്ടുണ്ട്. ഏതാനും മാസങ്ങളായി 135 നും 150 നും ഇടയിലാണ് വില. മുൻവർഷങ്ങളിലേതുപോലെ വിലയിലുണ്ടാകാറുള്ള ഇടിവ് ഇത്തവണയില്ല. ജില്ലയിൽ തന്നെ പ്രവർത്തിച്ചുവരുന്ന ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന കോഴികളാണ് കൂടുതലായി കടകളിലെത്തുന്നത്. കൂടാതെ, പെരുമ്പാവൂരിലെ ഫാമുകളിൽ നിന്നും ജില്ലയിൽ ഇറച്ചിക്കോഴി ഇറക്കുമതി ചെയ്യുന്നു. സ്റ്റോക്ക് കുറവുള്ളപ്പോൾ മാത്രമേ തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്ന് എത്താറുള്ളൂ.
കാലാവസ്ഥ വ്യതിയാനമാണ് കോഴി ഉൽപാദനം കുത്തനെ കുറച്ചത്. ഇടയ്ക്കിടെ മഴ ലഭിച്ചിട്ടും പകൽച്ചൂട് ശമനമില്ലാതെ തുടരുന്നത് മുട്ട വിരിയാൻ കാലതാമസമുണ്ടാക്കുന്നു. ചൂടിന്റെ കാഠിന്യം മൂലം കോഴികൾക്ക് തൂക്കമില്ല. കോഴിത്തീറ്റ, അറക്കപ്പൊടി എന്നിവയ്ക്ക് വില വർധിച്ചതും പ്രതിസന്ധിയുണ്ടാക്കുന്നു.
തമിഴ്‌നാട്ടിലെ കമ്പം, ചിന്നമന്നൂർ, തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി, ആണ്ടിപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളിൽ നിന്നാണ് ഇടുക്കിയിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. ചാലക്കുടി, പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളാണ് കേരളത്തിലെ പ്രധാന ഇറച്ചിക്കോഴി ഉൽപാദന കേന്ദ്രങ്ങൾ. തമിഴ്നാട്ടിലെ ഫാമുകളിലും ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ക്രിസ്മസ് എത്തുന്നതോടെ വില വീണ്ടും കൂടിയേക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top