കരിമണ്ണൂർ / തൊടുപുഴ
മതനിരപേക്ഷതാ ഉള്ളടക്കത്തെ ഇനിയൊരക്ഷരം കൊണ്ടുപോലും വ്യാഖ്യാനിക്കാനുള്ള അവകാശം കോൺഗ്രസിന് ഇല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ എസ് കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണം, കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം (പാർട്ടി കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസ്) ഉദ്ഘാടനം, ഏരിയ സമ്മേളനങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള പൊതു സമ്മേളനം എന്നിവ കരിമണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ലീഗ്, എസ്ഡിപിഐ , ജമാ അത്തെ ഇസ്ലാമി എന്നിവ ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ ഗുണഭോക്താവായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യക്തമായി. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയാണ് പാലക്കാട് കോൺഗ്രസ് ജയിച്ചത്. ബിജെപിയുടെ 14,500 വോട്ട് കുറഞ്ഞിട്ടുണ്ട്. ഇത് ആരുവാങ്ങി, ആർക്ക് കൊടുത്തു, ആരിൽനിന്ന് കിട്ടി എന്നുള്ളത് വരുംകാലങ്ങളിൽ തെളിയിക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ചേർന്ന് ഇടതുപക്ഷ വിരുദ്ധനിലപാട് സ്വീകരിച്ച് ഒരു മഴവിൽ സഖ്യത്തിന്റെ ഭാഗമായാണ് പാലക്കാട് കോൺഗ്രസ് മത്സരിച്ചത്.
ഭരണവിരുദ്ധ വികാരത്തിന്റെ കേന്ദ്രമായി ചേലക്കരയെ കാണുന്നെന്നും അവിടെ കോൺഗ്രസ് ജയിക്കുമെന്നുമായിരുന്നു പ്രചാരണം.
കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയെ നേരിടാൻ അവർക്കാവുന്നില്ല. ജനാധിപത്യ മൂല്യങ്ങളെ തകർത്ത് ഫാസിസത്തിലേക്കാണ് ബിജെപി സർക്കാർ രാജ്യത്തെ നയിക്കുന്നത്. ജനാധിപത്യ ഉള്ളടക്കത്തിന്റെ അസ്ഥിവാരം തകർത്ത് സംഘർഷാത്മക ഇന്ത്യയെ സൃഷ്ടിക്കാൻ ബോധപൂർവമായ അജൻഡയാണ് ബിജെപി കൈകാര്യം ചെയ്യുന്നത്. ചാതുർവർണ്യ വ്യവസ്ഥയ്ക്ക് വിധേയമായ ഒരു ഭരണഘടന വേണമെന്നാണ് ബിജെപിയും ആർഎസ്എസും പറയുന്നത്. ഇത് അശ്ലീലമണെന്ന്അദേഹം ചൂണ്ടിക്കാട്ടി.
ചേലക്കരയിൽ യു ആർ പ്രദീപ് മണ്ഡലം നിലനിർത്തിയത് ഇടതുപക്ഷ പ്രസ്ഥാനത്തിന് എതിരെ നടത്തിയ പ്രചാരണങ്ങളെ ശക്തിയായി പ്രതിരോധിക്കുന്നതായി. ലോകത്തിലെ 400 വർഷക്കാലത്തെ വളർച്ച നേടിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് കേരളത്തെഎത്തിക്കണം. അവരുടെ ജീവിത നിലവാരത്തിലേക്ക് എത്തിക്കണം. ഇതിനെതിരായ മാധ്യമങ്ങളുടേതുൾപ്പെടെയുള്ള കടന്നാക്രമണത്തെ ചെറുക്കണം. 2025 നവംബർ ആകുമ്പോൾ ഇന്ത്യയിൽ അതിദരിദ്രരല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ചടങ്ങിൽ ആദ്യകാല നേതാക്കളായ പി എസ് ഗോപി, കെ വി കുര്യാക്കോസ്, പി എൻ തങ്കപ്പൻ, എം ജി കൃഷ്ണൻ എന്നിവരെ കെ കെ ജയചന്ദ്രൻ പൊന്നാടയണിയിച്ച് ആദരിച്ചു.
യോഗത്തിൽ എൻ സദാനന്ദൻ അധ്യക്ഷനായി. എം എം മണി എംഎൽഎ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ജെ മാത്യു, വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൽ ജോസഫ്, മുഹമ്മദ് ഫൈസൽ, ടി ആർ സോമൻ, ടി കെ ശിവൻ നായർ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം പ്രസീത ചാലക്കുടിയുടെ ഗാനമേളയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..