24 December Tuesday

സുരുളി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾക്ക് വിലക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

 കുമളി

കനത്ത നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ സുരുളി വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികൾക്ക് വിലക്ക്. തേനി ജില്ലയിൽ സ്ഥിതിചെയ്യുന്ന പ്രധാന തീർഥാടന, വിനോദസഞ്ചാര കേന്ദ്രമായ സുരളിയിലേക്ക് നിത്യേന നിരവധി പേരാണ് എത്തുന്നത്. നിരവധി ഹൈന്ദവ ആരാധനാലയങ്ങൾക്കൊപ്പം സുരുളിയിലെ വെള്ളച്ചാട്ടവുമാണ് ഇവിടേക്ക് ആളുകളെ കൂടുതൽ  ആകർഷിക്കുന്നത്. നീരൊഴുക്ക് ശക്തമായതിനാൽ അപകടസാധ്യത ഉള്ളതിനാലാണ് വനംവകുപ്പ് അധികൃതർ പ്രദേശത്തേയ്‌ക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്‍.
പെരിയാർ കടുവാ സങ്കേതത്തോട് അതിർത്തി പങ്കിടുന്ന തമിഴ്നാടിന്റെ മേഘമല കടുവാ സങ്കേതത്തിലാണ് സുരുളി സ്ഥിതിചെയ്യുന്നത്. കൊട്ടാരക്കര- ദിണ്ടികൾ ദേശീയപാതയിൽ  കമ്പത്തിന് സമീപത്തുനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ തേനി ജില്ലയിലെ സുരുളിയിൽ എത്തും. 
 വിനോദസഞ്ചാര കേന്ദ്രം എന്നതിനൊപ്പം ഭക്തിസാന്ദ്രമായ പ്രത്യേകത കൂടി സുരുളിക്കുണ്ട്. ഭൂതനാരായണ ക്ഷേത്രം, വേലപ്പർ ക്ഷേത്രം, ആദി അണ്ണാമലയാർ ക്ഷേത്രം, സുരുളിമലൈ ശ്രീ അയ്യപ്പൻ ക്ഷേത്രം, കന്നിമാർ ക്ഷേത്രം തുടങ്ങിയ നിരവധി ഹൈന്ദവ ആരാധനാലയങ്ങൾ ഇവിടുണ്ട്. ഇതുകൊണ്ടുതന്നെ സഞ്ചാരികൾക്കൊപ്പം നിരവധി വിശ്വാസികളും ഇവിടെ എത്തുന്നുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top