17 September Tuesday
ചെപ്പുകുളം ഉരുൾപൊട്ടലിന്‌ 75 ആണ്ട്‌

ദുരന്തം ഒഴുകിയെത്തിയ പകല്‍

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024
 
കരിമണ്ണൂർ
1949 ആ​ഗസ്‍ത് 28, മലയാളമാസം 1125 ചിങ്ങം 12, പകല്‍ 11. ചെപ്പുകുളവും പറമ്പുകാട്ടുമലയും വെള്ളാന്താനവും വാവിട്ടുകരഞ്ഞ പകല്‍. എന്തെന്ന് മനസിലാക്കുന്നതിന് മുന്നേ സര്‍വതും വെള്ളമെടുത്തു. നാടിനെ നടുക്കിയ ചെപ്പുകുളം ഉരുൾപൊട്ടലിന്‌ 75വയസാകുന്നു. രാജ്യം സ്വാതന്ത്ര്യം നേടി രണ്ടുവർഷം കഴിഞ്ഞായിരുന്നു ദുരന്തം. ഐക്യകേരളം രൂപീകൃതമായിരുന്നില്ല. എത്രപേര്‍ മരിച്ചെന്ന് ഇന്നും കൃത്യമായ കണക്കില്ല. 12 ആണെന്നാണ് ദുരന്തം നേരില്‍കണ്ടവരുടെ കണക്ക്. 
ഉരുൾപൊട്ടിയ ദിവസം രാവിലെമുതമൽ ചിലവ്‌, വെള്ളാന്താനം മലനിരകൾ കാഴ്‌ചയെ മറയ്‌ക്കുംവിധം മഞ്ഞുമൂടിയിരുന്നു. മലമുകളിൽനിന്ന്‌ ഇടവിട്ട്‌ ഇടിമുഴക്കം പോലെ ശബ്ദംകേട്ടതായും പഴമക്കാർ പറഞ്ഞിരുന്നു. പിന്നാലെ താഴ്‌വാരത്തേക്ക്‌ മണ്ണുംകല്ലും ചളിയും നിറഞ്ഞ വെള്ളം കുത്തിയൊലിച്ചെത്തി. വീടുകളും കൃഷിയിടവും ഉള്‍പ്പെടെ ഒന്നും ബാക്കിയില്ലാതെ ഒലിച്ചുപോയി. മലയിടിയുകയാണെന്ന ധാരണയിൽ മനുഷ്യർ പരക്കംപാഞ്ഞു. വെള്ളാന്താനവും ചെപ്പുകുളവും ഉൾപ്പെടെ ഉരുൾവിഴുങ്ങിയ പ്രദേശങ്ങൾ തിരിച്ചറിയാനാവാത്തവിധം മാറി. തട്ടക്കുഴയ്‍ക്ക്‌ സമീപം ആടുപാറയിൽ ഒരുവീടിന്‌ പിന്നിൽ കൂറ്റൻപാറ ഒഴുകിയെത്തിയെങ്കിലും മണ്ണിൽതാണ്‌ നിന്നു. മലവെള്ളം പാറയിൽതട്ടി ഇരുവശങ്ങളിലേക്കും തിരിഞ്ഞുപോയതോടെ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
    വാർത്തകള്‍ക്കും രക്ഷാപ്രവർത്തനങ്ങൾക്കും ആധുനിക സംവിധാനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നാട്ടുകാരാണ്‌ രക്ഷാപ്രവർത്തനവും തിരച്ചിലും നടത്തിയത്‌. അന്ന്‌ കരിമണ്ണൂരിലാകെയുണ്ടായിരുന്നത് സെന്റ്‌ മേരീസ്‌ ആശുപത്രിയായിരുന്നു. പരിക്കേറ്റവരെ ശുശ്രൂഷിച്ചത് ആശുപത്രിയിലെ മെഡിക്കൽ വിദ​ഗ്ധൻ ജോർജ്‌ വർഗീസായിരുന്നു. പിന്നീട്‌ അദ്ദേഹത്തെ നാട്ടുകാർ ‘കമ്പോണ്ടർ സാർ’ എന്ന് വിളിച്ചുപോന്നു. അദ്ദേഹം സ്ഥാപിച്ച ജി വി ക്ലിനിക്ക്‌ മകൻ ജോർജ്‌ സഖറിയയാണ് ഇപ്പോള്‍ നടത്തുന്നത്‌. 
    പിറ്റേന്ന്‌ പത്രവാർത്തയിലൂടെയാണ്‌ ലോകം ദുരന്തവിവരം അറിഞ്ഞത്‌. അന്നത്തെ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി കെ നാരായണപിള്ളയും സർക്കാർ  ഉദ്യോഗസ്ഥരും കരിമണ്ണൂരിലെത്തി. കാൽനടയായാണ്‌ അവർ ദുരന്തഭൂമി സന്ദർശിച്ചത്‌. ഇളംദേശം, ചിലവ്‌, കരിമണ്ണൂർ, തട്ടക്കുഴ എന്നിവിടങ്ങളിലെ സ്‌കൂളുകളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകൾ. ഭൂമിയുംവീടും നഷ്‍ടപ്പെട്ടവരെ തൊമ്മൻകുത്തിലാണ്‌ പുനരധിവസിപ്പിച്ചത്‌. കാലപ്പഴക്കത്തിൽ ചിലവ്‌, പന്നൂർ, തട്ടക്കുഴ, ചെപ്പുകുളം ഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങളായി. മഹാദുരന്തത്തിന്റെ ഓർമപ്പെടുത്തലുകളായി ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ കൂറ്റൻപാറകൾ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top