23 December Monday

നിലയുറപ്പിച്ച് കാട്ടാന, 
നിലവിളിച്ച് കാന്തല്ലൂർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024
മറയൂര്‍
കാന്തല്ലൂരിലും പരിസര പ്രദേശങ്ങളിലും ആശങ്ക പരത്തി കാട്ടാനക്കൂട്ടം. കഴിഞ്ഞദിവസം കാന്തല്ലൂരിലെ റിസോര്‍ട്ടിലെ സിസിടിവിയിൽ പതിഞ്ഞ ആനകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പകല്‍പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനം. കീഴാന്തൂർ ശിവൻപന്തിയിലെത്തിയ വിരികൊമ്പൻ റിസോർട്ടിലെ കവാടവും ഷെഡും തകർത്ത് സമീപത്തെ പുരയിടത്തിലേക്ക് പോകുന്നതാണ് ദൃശ്യത്തില്‍. രാത്രികളിൽ കൃഷിത്തോട്ടങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കാട്ടാനകള്‍ ഇപ്പോൾ രാപകല്‍ വ്യത്യാസമില്ലാതെ കാന്തല്ലൂർ ടൗണിലും റിസോർട്ട് പരിസരങ്ങളിലും കയറിത്തുടങ്ങി. കഴിഞ്ഞദിവസം രാത്രി ആറ് ആനകളാണ് ടൗണിലൂടെ കറങ്ങിനടന്നത്. മൂന്നുമാസമായി പ്രദേശത്തെത്തിയ കാട്ടാനകളെ വനത്തിലേക്ക് ഓടിക്കാൻ കഴിയാത്തതാണ് കാരണമെന്നാണ് ആരോപണം. 
നാത്താപ്പാറ, ശിവൻപന്തി, കീഴാന്തൂർ, പുത്തൂർ, പെരുമല, കുളച്ചിവയൽ മേഖലയിലെ കൃഷിയിടങ്ങളിലും കാട്ടാനകൾ കറങ്ങുന്നു. ഇവറ്റകള്‍ സ്ഥിരമായി പ്രദേശത്ത് ചുറ്റിത്തിരിയുന്നത് അധികൃതര്‍ക്ക് ബോധ്യമുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. പരാതിപ്പെടുമ്പോള്‍ പരിശോധിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമുണ്ടാകുന്നില്ല. 
ഓണത്തിന് വിളവെടുക്കാൻ ചെയ്‍തിരുന്ന ശീതകാല പച്ചക്കറി കൃഷികളെല്ലാം കാട്ടാനകൾ ചവിട്ടിമെതിച്ചു. അവശേഷിച്ച വെളുത്തുള്ളി മാത്രമാണ് വിളവെടുക്കുന്നത്. നല്ല വിലയുള്ളത് കർഷകർക്ക് ആശ്വാസമാണെങ്കിലും കാട്ടാന ശല്യത്തിൽ കോടികളുടെ നഷ്ടമാണുണ്ടായത്. പ്രദേശത്ത് അധികവും പാരമ്പര്യ കൃഷിയെമാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ട് കാട്ടാനകളെ വനത്തിലേക്ക് കടത്തിവിടുകയും തിരികെവരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. ഇക്കാര്യത്തില്‍ വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
നഷ്ടപരിഹാരത്തിനായി കാത്തിരിപ്പ്
വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാല്‍ നഷ്‍ടപരിഹാരമായി ലഭിക്കുന്നത് ചെറിയതുകയാണ്. സ്ഥലത്തിന് പട്ടയം ഇല്ലെങ്കിൽ അപേക്ഷ നിരസിക്കും. പട്ടയം ഇല്ലാത്തവർ കൈവശ സർടിഫിക്കറ്റിനായി റവന്യു വകുപ്പിനെ സമീപിച്ചാൽ നിരാശയാണ് ഫലം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top