21 November Thursday

സോയിൽ പൈപ്പിങ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

 ഇടുക്കി 

ചൊക്രമുടി റെഡ്‌സോണിലെ കൈയേറ്റഭൂമി പ്രദേശത്ത്‌ സോയിൽ പൈപ്പിങ് പ്രതിഭാസത്തിന്‌ സാധ്യത. ജിയോളജി വകുപ്പിന്റെ പരിശോധനയിലാണ് തടയണ നിർമിച്ച ഭാഗത്ത്‌ സോയിൽ പൈപ്പിങ് കണ്ടെത്തിയത്‌. പരിസ്ഥിതി ദുർബല മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതിലോലമായ പ്രദേശം റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നും ജിയോളജി വകുപ്പ് നിർദേശിച്ചിട്ടുണ്ട്‌. 
  ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള പ്രദേശമാണ്‌ ചൊക്രമുടി. ജൈവവൈവിധ്യ മേഖലയായ പ്രദേശത്തെ മരങ്ങൾ വെട്ടിമാറ്റുകയും തീയിട്ട് നശിപ്പിക്കുകയും കെട്ടിടങ്ങൾ, റോഡ്, കുളം, പാലം തുടങ്ങി അനധികൃത നിർമാണങ്ങൾ നടത്തുകയും ചെയ്‌തതായി റവന്യൂ വകുപ്പ്‌ കണ്ടെത്തിയിരുന്നു. ഇത്‌ പാരിസ്ഥിതിക ആഘാതത്തിന്‌ കാരണമായിട്ടുണ്ടെന്നും ജിയോളജി വകുപ്പ്‌ പറയുന്നു. പ്രദേശം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുന്നതാണെന്ന്‌ കണ്ടെത്തിയിരുന്നു. റവന്യൂ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന്‌ അന്വേഷണം നടത്തിയ പ്രത്യേകസംഘം വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 
പ്രദേശത്തെ നിർമാണപ്രവർത്തനങ്ങൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക്‌ കാരണമായേക്കാമെന്നും പ്രത്യേക സംഘം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്ന്‌ കഴിഞ്ഞദിവസമാണ്‌ ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണന്റെ മേൽനോട്ടത്തിൽ ജിയോളജി വകുപ്പ്‌ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രദേശത്ത്‌ പരിശോധന നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top