23 December Monday

ചന്ദനത്തടികളുമായി 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
മറയൂർ
തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനത്തടികളുമായി നാലു പേർ പിടിയിൽ. കാന്തല്ലൂർ ചുരുക്കുളം ഗ്രാമത്തിലെ കെ പഴനിസ്വാമി (48), വി സുരേഷ് (39), പി ഭഗവതി (48), റ്റി  രാമകൃഷ്ണൻ (37) എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിനിടെ   രണ്ടു വാച്ചർമാർക്ക് മർദ്ദനമേറ്റു. ചട്ട മൂന്നാർ സ്വദേശി മുനിയാണ്ടി(35 ), പള്ളനാട് സ്വദേശി പ്രദീപ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ഉടുമലൈപ്പേട്ട ചന്ദനലോബിക്ക് ചന്ദനം എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന്  അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറയൂർ ഡിഎഫ്ഒ പി ജെ സുഹൈബിന് ലഭിച്ച രഹസ്യവിവരത്തിന്റെ  അടിസ്ഥാനത്തിലാണ് മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 
ഇവരിൽ നിന്നും പിടിച്ചെടുത്ത ചന്ദനത്തടികൾ 2024 സെപ്തംബർ 19 ന് മറയൂർ പുളിക്കരവയൽ വെസ്റ്റഡ് ഫോറസ്റ്റ് മേഖലയിൽ നിന്ന്  കടത്തിയതാണെന്ന് പ്രതികൾ മൊഴി നല്കി.
 മറയൂർ ഉടുമലൈപ്പേട്ട അന്തസംസ്ഥാന പാതയിൽ കരിമൂട്ടി ചില്ലിയോട ഭാഗത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ബസിൽ ചന്ദനം കൊണ്ടു പോകാൻ കാത്തു നില്ക്കുമ്പോഴാണ് വനം വകുപ്പ് അധികൃതർ ഇവരെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് വാച്ചർമാർക്ക് മർദ്ദനമേറ്റത്.പ്രതികളിൽ പഴനിസ്വാമി മുമ്പും രണ്ടുചന്ദന കേസുകളിലെ പ്രതികളാണ്. ഭഗവതിയും സുരേഷും വനമേഖലയിൽ നിന്നും ഉണങ്ങിയും മറിഞ്ഞു വീഴുന്നതുമായ ചന്ദനത്തടികൾ ശേഖരിക്കുന്നതിന് വനം വകുപ്പിൽ ജോലി ചെയ്തിരുന്നവരാണ്. 
ചന്ദനം മുറിക്കുന്നതിൽ വിദഗ്ധരായ ഇവരെ തമിഴ്നാട് അതിർത്തിയിലെ ചന്ദനലോബി ചന്ദനം കടത്തുന്നതിന് നിയോഗിക്കുകയായിരുന്നു. ഒരു കിലോ ചന്ദനത്തിന് 900 രൂപ ലഭിക്കുമെന്നാണ് പ്രതികൾ മൊഴി നല്കിയത്.പ്രതികളെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top