29 December Sunday

‘രക്തരക്ഷസിനെ’ കാണാൻ ജനസഞ്ചയം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024
തൊടുപുഴ 
അവസാന രം​ഗത്തിന് കർട്ടൻ വീഴുമ്പോൾ എഴുന്നേറ്റുനിന്ന് കൈയടിക്കുന്ന ആസ്വാദകർ, അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ലഭിക്കുന്ന അകമഴിഞ്ഞ അഭിനന്ദനങ്ങൾ, വീണ്ടും വീണ്ടും കാണാനെത്തുന്നവർ... ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്’ നാടകം പ്രദർശനകേന്ദ്രത്തിൽ 20ലേറെ ദിവസങ്ങളായുള്ള പതിവ് കാഴ്‍ചയാണിത്. 
തൊടുപുഴയുടെ സന്ധ്യകൾക്കും രാവുകൾക്കും ഭീതിയുടെ ആവരണമിട്ട നാടകം ഇനി ദിവസങ്ങൾ മാത്രമാണ് പ്രദർശനമുണ്ടാകുക. കഴിഞ്ഞ അഞ്ചിനാണ് ‌തുടങ്ങിയത്. എല്ലാദിവസവും നിറഞ്ഞ സദസ്സ്‌ . ഇക്കുറിയും പതിവ് തെറ്റിക്കാതെ ആദ്യാവസാനം ആസ്വാദകർ ആകാംഷയുടെ മുൾമുനയിൽ തന്നെ. ജനുവരി അഞ്ചിന് തൊടുപുഴയിലെ പ്രദര്‍ശനം അവസാനിക്കും. 
യുവാക്കളുടെയും കുടുംബങ്ങളുടെയും വലിയ പങ്കാളിത്തം മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും ഉറപ്പിക്കാനായി. സിനിമകളും സമൂഹമാധ്യമങ്ങളും വിട്ട് യുവത നാടകമെന്ന കലയെ വാരിപ്പുണരുകയാണ് തൊടുപുഴയില്‍. സമീപ പ്രദേശങ്ങളില്‍നിന്നും മറ്റ് ജില്ലകളില്‍നിന്നും നിരവധി പേരെത്തുന്നു. പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ ആകർഷിച്ചാണ് രക്തരക്ഷസ് തൊടുപുഴയിലും ചരിത്രം രചിക്കുന്നത്. 
കലാനിലയത്തിന്‌ തുടക്കം കുറിച്ചത്‌ തനിനിറംപത്രത്തിന്റെ പത്രാധിപരായിരുന്ന കലാനിലയം കൃഷ്‌ണൻ നായരാണ്‌. അദ്ദേഹത്തിന്റെ മരണശേഷം മകൻ അനന്തപതമനാഭൻ വേദി ഏറ്റെടുത്തു. 2003ൽ ജഗതി ശ്രീകുമാറുമായി ചേർന്ന്‌ അനന്തപത്മനാഭൻ നാടകവേദിക്ക്‌ പുനർജീവൻ നൽകിയെങ്കിലും 2013ൽ സ്ഥിരം നാടകങ്ങളുടെ അവതരണം നിന്നുപോയി. അക്കാലത്താണ്‌ കലാനിലയം പരീക്ഷണ നാടകങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌. 
  പുതിയ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി പുത്തൻ ദൃശ്യ, ശ്രവ്യ അനുഭവം സമ്മാനിക്കാനാണ് ശ്രമിച്ചതെന്ന്‌ അനന്തപത്മനാഭൻ പറഞ്ഞു. ചാപ്‍റ്റര്‍ ഒന്നിന് ശേഷം രണ്ടും അവതരിപ്പിക്കും. ഒരുപക്ഷേ നാടക ചരിത്രത്തില്‍ ആദ്യമാകും ഒരുനാടകത്തിന് രണ്ടാംഭാ​ഗമുണ്ടാകുന്നതെന്ന്‌ അദേഹം പറഞ്ഞു. പത്തനംതിട്ടയിലാണ് അടുത്ത അവതരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top