29 December Sunday
ഏലക്കൃഷിയ്‌ക്ക്‌ വരൾച്ചാ ദുരിതാശ്വാസം

കർഷകർക്ക്‌ 78. 53 ലക്ഷം 
നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024
ഇടുക്കി
വേനൽക്കാലത്ത് കടുത്ത ചൂടിൽ ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ ഏലകൃഷി 70 ശതമാനത്തിലേറെ നശിച്ച സാഹചര്യത്തിൽ കർഷകർക്ക് ധനസഹായമായി കേന്ദ്ര വിഹിതം 78,53,208 രൂപ എഐഎംഎസ് പോർട്ടലിൽ അംഗീകരിച്ചതായി ജില്ലാവികസന സമിതിയോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. താമസിയാതെ കർഷകരുടെ അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്യാൻ നടപടികളായെന്നും അവർ പറഞ്ഞു. 
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സമിതി യോഗത്തിൽ കലക്ടർ വി വിഗ്‌നേശ്വരി അധ്യക്ഷയായി. കേന്ദ്ര സർക്കാരിന്റെ എഐഎംഎസ്‌ പോർട്ടലിൽ നിന്നുള്ള കണക്കനുസരിച്ച് വേനൽ ചൂടിൽ 2024 ജനുവരി ഒന്നു മുതൽ ജൂലൈ 31 വരെ 17944 ഏല കർഷകർക്ക് കൃഷിനാശമുണ്ടായി. 4368.86  ഹെക്ടറിലെ ഏലം നശിച്ച്  10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ശാന്തൻപാറ പഞ്ചായത്തിലെ പോത്തൊട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കൃഷിസ്ഥലം ഒലിച്ച് പോയ 65 കർഷകർക്കുള്ള നഷ്ട പരിഹാരത്തുക 8,97042 രൂപ പണം ലഭിക്കാത്തതിനാൽ നൽകിയിട്ടില്ലെന്നും കൃഷി ഓഫീസർ യോഗത്തിൽ അറിയിച്ചു.
ഇഞ്ചപ്പതാൽ –- -
കാക്കാസിറ്റി പൊൻമുടി റോഡ്‌ വികസനം
കൊന്നത്തടി പഞ്ചായത്തിലെ ഇഞ്ചപ്പതാൽ–- -മുതിരപ്പുഴ–- - കാക്കാസിറ്റി പൊൻമുടി റോഡിന്റെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാപഞ്ചായത്ത് കണ്ടെത്തണമെന്ന്‌ കലക്ടർ നിർദേശിച്ചു. ഏഴ് കിലോമീറ്റർ റോഡിൽ 5.75 കിലോ മീറ്റർ ഭാഗത്താണ് അറ്റകുറ്റപണികൾ ബാക്കിയുള്ളത്. 1.25 കി മി ഭാഗത്ത് 20 ലക്ഷം രൂപയ്ക്ക് പ്രവൃത്തികൾ വരുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 അതിഥിത്തൊഴിലാളികളുടെ  കുട്ടികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രേഖകൾ ഇല്ലാത്ത 160 കുട്ടികളുടെ പട്ടിക അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർക്ക് നൽകിയതായും അവർ പറഞ്ഞു.
പ്രളയദുരിതാശ്വാസം: 527പേർക്ക്‌ വഴിയും 
കുടിവെള്ളവും
2018 ലെ മഹാപ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരിൽ ലൈഫ് മിഷൻ പട്ടികയിൽപെട്ട 527 പേർക്ക് വഴി സൗകര്യവും കുടിവെള്ള ലഭ്യതയും ഉറപ്പ് വരുത്താൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയതായി എഡിഎം അറിയിച്ചു. ഇവർക്ക് നാളിതുവരെ ലഭിച്ച ധനസഹായം, എസ്ഡിആർ എഫ് മാനദണ്ഡപ്രകാരം തുടർ സഹായത്തിന് അർഹരാണോ, ഇവരെ വൾനറബിൾ പട്ടികയിൽപ്പെടുത്തി സഹായങ്ങൾ നൽകുന്നതിനുള്ള സാധ്യത എന്നിവ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാനും തഹസിൽദാർമാർക്ക് നിർദേശം നൽകി.വനം വകുപ്പ് കോതമംഗലം ഡിവിഷന് കീഴിലെ നബാർഡ് പദ്ധതികൾ 2025 മാർച്ചിനകം പൂർത്തിയാക്കുന്നതിനുള്ള ടെൻഡർ നടപടികൾ സ്വീകരിച്ച് വരുന്നതായി കോതമംഗലം ഡിഎഫ്ഒ അറിയിച്ചു. 
ഇടുക്കി മെഡിക്കൽ കോളേജിന്‌ കളിക്കളം
ഇടുക്കി മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് കളിസ്ഥലമൊരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. മാങ്കുളം വട്ടവട പ്രദേശങ്ങിലെ റീസർവേ നടപടികൾ വേഗത്തിലാക്കാൻ ദേവികുളം ഭൂരേഖാ തഹസിൽദാർക്ക് നിർദേശം നൽകിയതായി എഡിഎം അറിയിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ദീപാ ചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർ അതുൽ എസ് നാഥ് ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top