17 September Tuesday
വിശദ അന്വേഷണ ആവശ്യം ഉയരുന്നു

ചൊക്രമുടി കൈയേറ്റമേഖല റെഡ്‌സോൺ

കെ ടി രാജീവ്‌Updated: Friday Aug 30, 2024

ചൊക്രമുടിയിൽ അനധികൃതനിർമാണം നടക്കുന്ന പ്രദേശം

ഇടുക്കി
ചൊക്രമുടി മലയിലെയും താഴ്‌വാരത്തെയും വ്യാപക കൈയേറ്റം സംബന്ധിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖല ദുരന്തനിവാരണ നിയമപ്രകാരം റെഡ്‌സോണിൽപ്പെട്ടതാണ്‌. ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന്‌ ആരോപണവും ശക്തമാണ്‌. അടിമാലി സ്വദേശി സിബി ജോസഫിന്റെയും  ഭാര്യയുടെയും പേരിൽ 1.4667 ഹെക്‌ടർ(3.6242 ഏക്കർ) ഭൂമിക്ക്‌ പട്ടയമുള്ളതായി ബൈസൺവാലി വില്ലേജ്‌ ഉദ്യോഗസ്ഥർ പറയുന്നു. ചെന്നൈയിൽ താമസമാക്കിയ മൈജോ ജോസഫാണ്‌ ഭൂമി കൈമാറിയത്‌. 
ബൈസൺവാലി അഞ്ചാംവാർഡിൽ 7455,7456 തണ്ടപ്പേരുകളിലാണ്‌ സ്ഥലം. ഇവിടെ വീടുകൾ നിർമിക്കുന്നതിന് റവന്യു വകുപ്പ് നിരാക്ഷേപ പത്രം(എൻഒസി) നൽകിയിരുന്നു. എന്നാൽ ബെെസൺവാലി പഞ്ചായത്ത് വീട് നിർമാണത്തിനുള്ള അപേക്ഷ നിരാകരിച്ചിരുന്നു. ഈ ഭൂമിയിലാണ്‌ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടന്നത്‌. ഈ മേഖലയിൽ മറ്റ്‌ നിരവധി കൈയേറ്റക്കാരും പ്ലോട്ട്‌ തിരിച്ചിട്ടിട്ടുണ്ട്‌. 
മലയുടെ മുകളിലായി നൂറേക്കറിലധികം ഭൂമി കൈയേറാൻ ശ്രമിക്കുന്നുണ്ടെന്ന്‌ നാട്ടുകാർ പറയുന്നു.  ചില വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ പിന്തുണയും ഉള്ളതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. പുല്ലുപിടിച്ചു കിടന്നിരുന്ന റവന്യു ഭൂമിയാണ്‌ വൻകിട കൈയേറ്റക്കാർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്‌. യൂക്കാലിപ്റ്റസ് മരങ്ങൾ ഉൾപ്പെടെ  മുറിച്ചുനീക്കി. റോഡ്‌ നിർമിച്ച്‌  ടാറിങ്ങും കോൺക്രീറ്റ് പ്രവർത്തനങ്ങളും നടക്കുമ്പോൾ നാട്ടുകർ പരാതി നൽകി. മുപ്പതേക്കറോളം സ്ഥലം കൈയേറ്റക്കാർ കളനാശിനി തളിച്ച്‌ പുല്ലുകൾ കരിച്ചിട്ടുണ്ട്‌. ഇവിടെ നടുന്നതിനായി ചൗക്ക തൈകളും എത്തിച്ചിരുന്നു. പ്രദേശം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുന്നതാണ്‌. 
മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അപകട സാധ്യത വർധിപ്പിക്കുമെന്ന്‌ പ്രദേശവാസികൾ പറയുന്നു. കൈയേറ്റത്തിന്‌ ഒത്താശ ചെയ്‌തവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നു. സിപിഐ എമ്മും, കർഷകസംഘവും നേരത്തെ ഈ ആവശ്യം ഉന്നിയിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top