23 December Monday
തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് 15 വർഷം

കണ്ണീരോർമയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
കുമളി
നാടിനെ കണ്ണീരിലാഴ്‌ത്തിയ തേക്കടി ബോട്ട്‌ അപകടത്തിന്‌ തിങ്കളാഴ്‌ച 15 വർഷം പൂർത്തിയായി. 2009 സെപ്‌തംബർ 30ന്റെ അവസാന യാത്രയിലാണ്‌ കെടിഡിസിയുടെ ജനകന്യക ബോട്ട്‌ തടാകത്തിൽ മുങ്ങിയത്‌. അപകടത്തിൽ തമിഴ്‌നാട്‌,കർണാടക,ആന്ധ്രപ്രദേശ്‌, ഡൽഹി കൂടാതെ ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു മരണപ്പെട്ടവരിൽ അധികവും. 45 പേരാണ്‌ മരണപ്പെട്ടത്‌. തലകീഴായി മറഞ്ഞ ബോട്ടിന്റെ ഹള്ളിൽപ്പെട്ട്‌ നീന്തലറിയാവുന്നവർ പോലും മരണത്തിന്‌ കീഴടങ്ങി.  ജലകന്യകയുടെ അന്നത്തെ അവസാനയാത്രയ്ക്കിടെ വൈകിട്ട് 4.50നായിരുന്നു അപകടം. 
തൊട്ടു പിന്നാലെയെത്തിയ ബോട്ടിലെ ജീവനക്കാരും യാത്രക്കാരും വനംവകുപ്പിലെ ജീവനക്കാരും ചേർന്ന്‌ നിരവധിപേരെ മരണക്കയത്തിൽനിന്ന് വീണ്ടെടുത്തു.  
അപകട ദിവസംതന്നെ മരണപ്പെട്ട 31 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഒക്‌ടോബർ ഒന്നിന്‌ പുലർച്ചെ തെരച്ചിൽ തുടങ്ങിയപ്പോൾ തന്നെ അഞ്ചു മൃതദേഹങ്ങൾ ഒന്നിച്ചു കിട്ടി. ഒക്‌ടോബർ നാലിന്‌ ലഭിച്ച മൃതദേഹങ്ങൾ കൂടിയായപ്പോൾ മരണം 45ൽ എത്തി.
മുങ്ങൽ പരിശീലനം കിട്ടിയ ആദിവാസികളുൾപ്പെടെയുള്ള നാട്ടുകാർ, നാവികസേന, പൊലീസ്, അഗ്നിരക്ഷാസേന, വനം എന്നിവരുടെ മുങ്ങൽ വിദഗ്ദ്ധരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 
 അന്നത്തെ ടൂറിസം–- ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ, ധനമന്ത്രി തോമസ് ഐസക്ക്, മറ്റ് മന്ത്രിമാരായ കെ പി രാജേന്ദ്രൻ, എൻ കെ പ്രേമചന്ദ്രൻ, ബിനോയിവിശ്വം, എം വിജയകുമാർ, പി ജെ ജോസഫ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ഡിജിപി ജേക്കബ് പുന്നൂസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും രക്ഷാപ്രവർത്തനവും തുടർ നടപടികളും വേഗത്തിലാക്കി.  കേന്ദ്ര മന്ത്രി മുല്ലപ്പള്ളിരാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി എന്നിവരും സ്ഥലത്തെത്തി.
മുഴുവൻ മൃതദേഹങ്ങളുടെയും  പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത് കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. 20 മേശയിൽ നാൽപതോളം ഡോക്ടർമാരും അനുബന്ധ ജീവനക്കാരും പോസ്റ്റ്മോർട്ടം ചുമതല ഏറ്റെടുത്തു. ഓരോ സബ് ഇൻസ്പെക്ടർമാർക്കും ഓരോ മൃതദേഹത്തിന്റെ ചുമതല നൽകിയായിരുന്നു നടപടികൾ വേഗതയിലാക്കി. ഹെൽപ്പ് ഡസ്ക്കിൽ രജിസ്റ്റർ ചെയ്താണ് മൃതദേഹങ്ങൾ ആംബുലൻസിൽ അയച്ചത്. കോയമ്പത്തുർ സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങൾ മൊബൈൽ ഫ്രീസറിലാക്കി ആംബുലൻസിൽ നാട്ടിലേക്ക് അയക്കുകയും ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top