21 November Thursday
കൃഷി, തോട്ടം, ജനവാസ കേന്ദ്രങ്ങളെ സമ്പൂർണമായി ഒഴിവാക്കി

വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തി സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024
ചെറുതോണി
കൃഷി,തോട്ടം, ജനവാസകേന്ദ്രങ്ങളെ സമ്പൂർണമായി ഒഴിവാക്കി വനത്തിൽ മാത്രം ഇഎസ്എ നിജപ്പെടുത്തി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു. ശനിയാഴ്ച ജൈവവൈവിധ്യ ബോർഡിന്റെ വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരണമുണ്ടായത്. ഈ റിപ്പോർട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും. വനാതിർത്തികൾക്ക് ഇപ്പുറത്തുള്ള കൃഷി പ്രദേശങ്ങളെ മുഴുവനായി ഒഴിവാക്കികൊണ്ടാണ് സർക്കാർ റിപ്പോർട്ട് തയ്യാറാക്കിയത്. 
 2016 ൽ പിണറായി സർക്കാർ അധികാരത്തിലെത്തിയ ഘട്ടം മുതൽ സ്വീകരിച്ചുവരുന്ന പൊതുനിലപാടിന്റെ തുടർച്ചയാണിത് .
2013 നവംബർ 13 ന് യുപിഎ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ കേരളത്തിലെ 123 വില്ലേജുകളും ഇഎസ്എ ആയി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2014 മാർച്ച് 10 ലെ കരട് വിജ്ഞാപനത്തിലും ഇത് ആവർത്തിക്കപ്പെട്ടു. എന്നാൽ, ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ കെഡസ്ട്രൽ മാപ്പും റിപ്പോർട്ടും തയ്യാറാക്കി നൽകിയാൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കേരളത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ മുന്നോട്ട് നീങ്ങിയത്. വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ച് വനം, റവന്യൂ, പരിസ്ഥിതി, തദ്ദേശസ്വയം ഭരണം, ലാൻഡ് യൂസ് ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 
കേരളംപോലെ ജനസാന്ദ്രത കൂടുതലുള്ള, ആളോഹരി സ്ഥല ലഭ്യത കുറവായ സംസ്ഥാനത്ത് ഇഎസ്എ പ്രദേശത്ത് നടപ്പിലാക്കാൻ പോകുന്ന നിയന്ത്രണങ്ങൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും ആശങ്കകളും ചൂണ്ടിക്കാണിക്കുകയും അവ പരിഹരിക്കുന്നതിനുള്ള ഭൂപടവും രേഖകളും ആണ് കേന്ദ്രത്തിന് സമർപ്പിക്കുന്നത്. ഇതിൻ പ്രകാരം വിവിധതലങ്ങളിൽ നടന്ന വിശദമായ ചർച്ചകൾക്കും വിശകലനങ്ങൾക്കും ശേഷം ജനവാസ പ്രദേശങ്ങളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും പാറകളും ഒഴിവാക്കി സംരക്ഷിത വന പ്രദേശങ്ങളും റിസർവ് വനങ്ങളും അണക്കെട്ടുകളും മാത്രമായി ഇഎസ്എ നിജപ്പെടുത്തിയ ശുപാർശയാണ് തയ്യാറാക്കി നൽകുന്നത്. 
ജില്ലാതലത്തിലെ പരിശോധനകൾക്ക്ശേഷം പഞ്ചായത്ത്തലത്തിലും പരിശോധനകൾക്ക് നൽകിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അവസാന നിർദ്ദേശം തയ്യാറാക്കപ്പെട്ടുള്ളത്. ഇതിനിടയിൽ വില്ലേജുകളുടെ അതിർത്തി പുനർനിർണയിക്കുകയും വിഭജിക്കുകയും ചെയ്തതിനെ തുടർന്ന് വില്ലേജുകളുടെ എണ്ണം 92 ൽ നിന്നും 98 ആയി ഉയർന്നിട്ടുണ്ട്. 
ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട് പ്രകാരം ഇഎസ്എ ആയിരുന്ന 9993.7 ചതുരശ്ര കിലോമീറ്ററിൽ നിന്നും ഇപ്പോൾ സംസ്ഥാന സർക്കാർ നൽകുന്ന ഇഎസ്എ റിപ്പോർട്ടിൽ 8711 ചതുരശ്ര കിലോമീറ്റർ മാത്രമാണുള്ളത്. 1287 ചതുരശ്ര കിലോമീറ്റർ കൃഷിപ്രദേശം പൂർണമായും ഒഴിവാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്.
ജില്ലയിൽ 23 വില്ലേജുകൾ പൂർണമായും ഇഎസ്എ യിൽ നിന്ന് വിമുക്തമാകുകയും വനാതിർത്തികൾ പങ്കിടുന്ന വില്ലേജുകളുടെ വനപ്രദേശം മാത്രം ഇഎസ്എ യിൽ ഉൾപ്പെടുകയുമാണ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top