21 November Thursday

വ്യത്യസ്‌തനാം ബാബുവിന്റെ ജീവിതവേഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

ഭീമൻ മീനുമായി ബാബു

 രാജാക്കാട്

മീൻപിടിത്തവും മീൻ വളർത്തലും കൃഷിയും തേങ്ങയിടിയിലും ഡ്രൈവിങ്ങും വോളിബോളും ഒക്കെയായി എപ്പോഴും തിരക്കിലാണ് നാട്ടുകാരുടെ സ്വന്തം ബാബു. രാജാക്കാട് മമ്മട്ടിക്കാനം മുക്കുറ്റിയിൽ എം എൻ ബാബുവിന് ബുദ്ധിമുട്ടുള്ള ജോലികൾ സ്വായത്തമാക്കുന്നതിലാണ് കമ്പം. ബസ് ഡ്രൈവറായും തെങ്ങുകയറ്റക്കാരനായും ഇതിനിടെ വോളിബോൾ താരമായും ഈ നാൽപ്പത്തേഴുകാരൻ ചലച്ചിത്രത്തിലെന്നപോലെ ജീവിതവേഷങ്ങൾ മാറിമാറി അഭിനയിച്ചുകൊണ്ടിരിക്കുന്നു.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു രസത്തിന് മീൻപിടിത്തം തുടങ്ങി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് പൊന്മുടി ഡാമിൽ മീൻ പിടിക്കാൻ പോയി തുടങ്ങിയത്. പത്താം ക്ലാസ് കഴിഞ്ഞ് രണ്ടു വർഷക്കാലം പഠനം ഉപേക്ഷിച്ച് ആനയിറങ്ങൽ, ബിഎൽ റാം എന്നിവിടങ്ങളിൽ ബാബു പെെൻ കൂപ്പിലെ പണിക്ക് പോയിരുന്നു. സമീപത്തുള്ള ആറ്റിലും കുളങ്ങളിലും മീൻ പിടിക്കുകയും ചെയ്യും. ഇതിനിടെ രാജാക്കാട് യുവഭാവനാകോളേജിൽ  പാരലായി പ്രീഡിഗ്രി പഠനം വീണ്ടും തുടങ്ങി. 
 
വോളിബോളിന്റെ 
ആവേശത്തിലേക്ക്
മമ്മട്ടിക്കാനത്ത് മലമുകളിലെനിരപ്പേലുണ്ടാക്കിയ മൺകോർട്ടിൽ നെറ്റ് കെട്ടിയാണ് ബാബു കൂട്ടുകാരും വോളിബോൾ കളി തുടങ്ങിയത്. പലസ്ഥലങ്ങളിലും കളി കാണാനും പഠിക്കാനും പോയി. 17–ാംവയസ്സിൽ യൂത്ത് ചാമ്പ്യൻഷിപ്പിലേക്ക് കളിക്കാൻ ടീം പോയപ്പോൾ  ഒരാളുടെ കുറവുണ്ടായപ്പോൾ പകരക്കാരനായി  ബാബുവിനെ വിളിച്ചു. യൂത്ത് ചാമ്പ്യൻഷിപ്പിൽ കളിക്കാനായി ആദ്യമായിറങ്ങി. ഇന്ത്യൻ പ്ലെയർ ആയിരുന്ന മാനുവലാണ് പരിശീലനം നൽകിയത്. 
 സാമ്പത്തികശാസ്ത്രത്തിൽ 1997–1998  പാലാ സെന്റ് തോമസ് കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്നു.  എതിരാളികളുടെ കോർട്ടിലേക്ക് മിന്നൽ സ്മാഷുകളുമായി സെന്റ് തോമസ് കോളേജിന്റെ  കൗണ്ടർ അറ്റാക്കർ പൊസിഷനിലാണ് ബാബു  കളിച്ചിരുന്നത്.  പിന്നീട് നെടുങ്കണ്ടം എംഇഎസ് കോളേജിനെ പ്രതിനിധീകരിച്ച് എംജി  യൂണിവേഴ്സിറ്റിക്കായും കളിച്ചു. കേരള, തമിഴ്നാട് കർണാടക എന്നിവിടങ്ങളിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും കളത്തിലിറങ്ങി. 
 
ബസ് ഡ്രൈവർ
ഡിഗ്രി പഠനകാലത്തിന്റെ അവസാനം അടുത്ത ജീവിതവേഷത്തിന് തുടക്കമായി.  മാസത്തിൽ 10 ദിവസം ബസ് ഡ്രൈവർ ആയി ജോലി നോക്കിയിരുന്നു. ഓട്ടോ, ലോറി, ജീപ്പ്, ബസ് തുടങ്ങി എല്ലാ വണ്ടികളും  ഓടിക്കും.  ഇതിനിടെ  വോളിബോൾ കളിക്കാൻ പോകുന്ന സമയത്ത് തങ്ങുന്ന വീടുകളുടെ ചുറ്റുപാടും ആറോ കുളമോ ഉണ്ടെങ്കിൽ അവിടെയെല്ലാം മീൻ പിടിക്കാൻ പോകുക ഒരുഹരമായിരുന്നു. 
 ഏറ്റുമാനൂരിൽ 11 ഏക്കർ ഫിഷ് ഫാം മൂന്നുവർഷക്കാലം നടത്തി. ഇക്കാലത്ത് തണ്ണീർമുക്കം ബണ്ടിൽ നിന്ന് വെള്ളം കൈപ്പുഴ കല്ലറ ഭാഗത്തേക്ക് കയറി. ഇവിടെനിന്ന് ചെമ്പല്ലിയും കാരിയും കരിമീനും ഒക്കെ രാത്രി മീൻപിടുത്തത്തിനിടെ ലഭിച്ചത്  ആവേശത്തോടെ ബാബു ഓർക്കുന്നു. പിന്നീട് വീട്ടിൽ സ്ഥിരമായി നിൽക്കാൻ തുടങ്ങിയപ്പോഴാണ് പൊന്മുടി ജലാശയത്തിലേക്ക് വള്ളവും വലയുമായി ഇറങ്ങിയത്. മീൻ വേണമെന്ന് പറഞ്ഞ് വിളിക്കുന്നവർക്ക് അതനുസരിച്ച് എത്തിച്ചുകൊടുക്കും.  44 കിലോ വരെയുള്ള മീനുകൾ ലഭിച്ചിട്ടുണ്ട്. പാറമടകളിലും ചെക്ക് ഡാമുകളിലും കുളങ്ങളിലും എല്ലാം മീൻ പിടിക്കാൻ പോകുന്നതിനിടയിലും വോളിബോൾ കമ്പം ഉപേക്ഷിച്ചിട്ടില്ല. ദുബായിൽ വെച്ച് നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് വോളിയിൽ കളിക്കാൻ പോയി ടീം വിജയിച്ചു.
 
കർണാടകയിലെ 
തെങ്ങുകയറ്റക്കാരൻ
അടുത്ത ജീവിതവേഷം തെങ്ങുകയറ്റക്കാരന്റേതാണ്. കർണാടകയിലെ വിവിധ ജില്ലകളിൽ മെഷീൻ ഉപയോഗിച്ച് തേങ്ങയിടാൻ മമ്മട്ടിക്കാനത്ത് നിന്ന് ബാബു പോകും. ശരാശരി 500 തെങ്ങുകളിൽ തേങ്ങയിടാനാണ് പോകാറുള്ളത്. 
വണ്ടിയിൽ ആവശ്യമുള്ള സാധനങ്ങളോടൊപ്പം കെട്ടുവലയും വീശുവലയും കളിക്കാൻ ആവശ്യമായ സാധനങ്ങളും കരുതും. ഒന്നരമാസം കഴിഞ്ഞാണ് തിരികെയെത്തുക. സ്വന്തമായുള്ള ഒരു ഏക്കർ സ്ഥലത്ത് എല്ലാവിധ കൃഷികളും നടത്തുന്നുമുണ്ട്. ഭാര്യ ജിജി, മക്കളായ ഗോഡ്സൻ, ഗ്ലാഡിസ്, ഗ്രേസ് എന്നിവരും ബാബുവിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top