മൂലമറ്റം
കുളമാവ് വെള്ളിയാമറ്റം നാളിയാനി ഭാഗത്ത്നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയ കേസിലെ പ്രധാനപ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട കീഴേടത്ത് തൗഫീക്(48)ആണ് അറസ്റ്റിലായത്. ഇയാൾ ഒളിവിലായിരുന്നു. വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തൊടുപുഴ റേഞ്ച് ഓഫീസർ സിജോ സാമൂവലിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
തൊടുപുഴ റേഞ്ചിൽ കുളമാവ് സെക്ഷൻ പരിധിയിൽ നാളിയാനി ഭാഗത്തുനിന്ന് ഈട്ടിമരം മുറിച്ച് കടത്തിയകേസിൽ ആകെ എട്ടുപ്രതികളാണുള്ളത്. ഇനി മൂന്നുപേരെകൂടി പിടികൂടാനുണ്ട്. കഴിഞ്ഞ നവംബർ ഏഴിന് നാളിയാനി ഭാഗത്തുനിന്നും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റു രണ്ടുപ്രതികൾ കഴിഞ്ഞ വ്യാഴാഴ്ച കോടതിക്കു മുന്നിൽ കീഴടങ്ങിയിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ബി സജിമോൻ, ബീറ്റ് ഓഫീസർമാരായ സോണി ജോസ്, എ പി പത്മകുമാർ, ടി ആർ അരുൺ, പി കെ അജാസ്, ടി ജീവൻകുമാർ, പി ആർ ഷിബിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..