മൂന്നാർ
ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ നിരവധി ഭാഗങ്ങളിൽ മണ്ണിടിഞ്ഞു. രണ്ട് സ്ഥലത്ത് ഉരുൾപ്പൊട്ടലുണ്ടായി. ആളപായമില്ല. തിങ്കളാഴ്‌ച രാത്രി പോതമേടിനു സമീപമാണ് രണ്ടിടത്ത് ഉരുൾപ്പൊട്ടിയത്. സെവൻമല എസ്റ്റേറ്റ് നാഗർമുടി ഡിവിഷനിൽ ഉരുൾപ്പൊട്ടി. നൂറുകണക്കിന് തേയില ചെടികൾ നശിച്ചു. കൊച്ചി–- ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസൽ ഫാക്ടറി, പഴയ ഗവ.കോളേജ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത്, ലാക്കാട് ഗ്യാപ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു.
മൂന്നാർ–- ഉദുമൽപേട്ട
റോഡിൽ മണ്ണിടിഞ്ഞു
മൂന്നാർ–- ഉദുമൽപേട്ട റോഡിൽ കന്നിമല എസ്റ്റേറ്റ് യുപി സ്കൂളിനു സമീപത്തും നയമക്കാട് എട്ടാം മൈലിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ സ്വകാര്യ കോട്ടേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു. സമീപത്ത് നിർത്തിയിട്ടിരുന്ന സ്റ്റാലിന്റെ കാർ ഭാഗികമായി തകർന്നു. മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിൽ തൊഴിലാളികൾ താമസിക്കുന്ന ലയത്തിനുസമീപം മണ്ണിടിച്ചിലുണ്ടായി. നാശനഷ്ടമില്ല. പള്ളിവാസലിൽ തടസങ്ങൾ നീക്കി. രാവിലെ എട്ടോടെയും മൂന്നാർ ഉദുമൽപേട്ട റോഡിൽ 10 ഓടെയും ഗതാഗതം പുന:സ്ഥാപിച്ചു. ലാക്കാട്–- ഗ്യാപ് റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.
മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ അഡ്വ. എ രാജ എംഎൽഎ, സിപിഐ എം മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..