കട്ടപ്പന
അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം ഉരുൾപൊട്ടലിനു സമാനമായുണ്ടായ മണ്ണിടിച്ചിലിൽ വൻ കൃഷിനാശം. തിങ്കൾ രാത്രി 11.30 ഓടെയാണ് കക്കാട്ടുകട –- അഞ്ചുരുളി റോഡിൽ ഭാസിവളവിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. പതിപ്പള്ളിയിൽ ബിനോയിയുടെ വീടിനുസമീപം റോഡിനു മുകളിലെ കൂറ്റൻ മൺതിട്ട നിലംപൊത്തുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ മണ്ണും കല്ലും ചെറുമരങ്ങളും വീടിനു സമീപത്തുകൂടി ഒലിച്ചുപോയതിനാൽ വൻ അപകടം ഒഴിവായി. ഏലം ഉൾപ്പെടെയുള്ള കൃഷികളും ഒലിച്ചുപോയി. ഗതാഗതം തടസപ്പെട്ടതോടെ അഞ്ചുരുളി മേഖലയിലെ താമസക്കാർ ഒറ്റപ്പെട്ടു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കല്ലും മണ്ണും നീക്കി. ചൊവ്വ പകൽ 11 ഓടെ ഗതാഗതം പുനസ്ഥാപിച്ചു. റോഡിന്റെ വിവിധ സ്ഥലങ്ങളിലെ നീർച്ചാലുകളിൽ നീരൊഴുക്ക് വർധിച്ചത് വീണ്ടും അപകടസാധ്യത വർധിപ്പിക്കുന്നു. തീവ്രമഴ തുടരുന്നതിനാൽ മേഖലയിലെ താമസക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..