കരിമണ്ണൂർ
മരിച്ചയാളുടെ സംസ്‌കാരച്ചടങ്ങ് സമയത്ത് നടത്താൻ സഹായിച്ച് തൊടുപുഴയിലെ അഗ്നിരക്ഷാസേന. തിങ്കളാഴ്‌ച തൊമ്മൻകുത്ത് നോമ്പ്രയിൽ പാലൻ (95) ആണ് മരിച്ചത്. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം എത്തി കരകവിഞ്ഞൊഴുകിയ മണ്ണൂക്കാട് ചപ്പാത്തിലൂടെ സാഹസികമായി 50 ബന്ധുക്കളെയും കർമിയെയും പാലന്റെ വീട്ടിലെത്തിച്ചു. രാത്രി പെയ്‌ത മഴയിൽ തൊമ്മൻകുത്ത് പാലവും മണ്ണൂക്കാട് ചപ്പാത്തും കരകവിഞ്ഞിരുന്നു.
ഇതിലൂടെയുള്ള ഗതാഗതം തടസമായി. ചൊവ്വാഴ്‌ചയാണ് സംസ്‌കാരം തീരുമാനിച്ചത്. നിലമ്പൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ബന്ധുക്കൾക്കും കർമിക്കും യഥാസമയം മരണവീട്ടിൽ എത്താനായില്ല. ഇതേത്തുടർന്നാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. സംസ്‌കാരശേഷം അവരെ സുരക്ഷിതമായി തിരികെ എത്തിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങിയത്. അസി. സ്‌റ്റേഷൻ ഓഫീസർ കെ എ ജാഫർഖാൻ, സേനാംഗങ്ങളായ ടി കെ വിനോദ്, ജിൻസ് മാത്യു, കെ എസ് അബ്ദുൾ നാസർ, എം പി ബെന്നി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പരേതയായ തങ്കമ്മയാണ് പാലന്റെ ഭാര്യ. മക്കൾ: കെ പി തങ്കപ്പൻ, ശാന്ത, ഭാരതി,പരേതയായ ലീല. മരുമക്കൾ: സോമൻ, ശോഭന, പരേതരായ വിശ്വംഭരൻ, ശശി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..