ഇടുക്കി
അതിതീവ്ര മഴയെത്തുടർന്ന് ജില്ലയിൽ ബുധനാഴ്‌ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാവിലെ ജില്ലയിൽ ശരാശരി 131.04 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദേവികുളത്താണ് ഏറ്റവും കൂടുതൽ മഴലഭിച്ചത്.198.4 മില്ലീമീറ്റർ മഴയാണിവിടെ ലഭിച്ചത്. ഇടുക്കിയിൽ 124.04 മില്ലിമീറ്റർ, പീരുമേട് 155 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് ഉടുമ്പൻചോലയിലാണ്. ഇവിടെ 72 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്.
മച്ചിപ്ലാവിൽ വീടിന് സമീപത്തെ ഓടയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. പള്ളിമനയിൽ പി എ ശശിധരൻ( 63) ആണ് മരിച്ചത്. മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ഗതാഗതം മുടങ്ങി. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 28 കുടുംബങ്ങളിലായി 74 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. നിരവധി വീടുകൾ കനത്തമഴയിൽ തകർന്നു. ഉടുമ്പൻചോലയിൽ രണ്ട് വീടുകളും ദേവികുളം, തൊടുപുഴ, പുന്നയാർ എന്നിവിടങ്ങളിൽ ഓരോ വീടും പൂർണമായി തകർന്നു. മണ്ണിടിച്ചിലിൽ വീടുകളുടെ സംരക്ഷണഭിത്തി മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ലക്ഷങ്ങളുടെ കൃഷിനാശമുണ്ടായി.
ദേവികുളം താലൂക്കിൽ മൂന്നാർ മൗണ്ട് കാർമൽ ചർച്ച് ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് കമ്യൂണിറ്റി ഹാളിലും ഖജനാപാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് ക്യാമ്പ് തുറന്നത്. കല്ലാർകുട്ടി, പൊന്മുടി, മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ്‌വർക്‌സ് എന്നിവയുടെ ഷട്ടർ തുറന്നു. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നിരവധിയിടത്ത് മരംവീണ് വൈദ്യുതി മുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..