തൊടുപുഴ
ഒരുമിക്കാം വൃത്തിയാക്കാം തീവ്രശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുളിയന്മല–-തൊടുപുഴ സംസ്ഥാന പാതയുടെ മൂലമറ്റം മുതൽ ചെറുതോണി വരെയുള്ള ഭാഗം വൃത്തിയാക്കി. ജില്ലാ ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, വനംവകുപ്പ്, അറക്കുളം, വാഴത്തോപ്പ് പഞ്ചായത്തുകൾ, പൈനാവ് ഗവ. പോളി ടെക്‍നിക് എൻഎസ്എസ് യൂണിറ്റ് എന്നിവ കൈകോർത്തായിരുന്നു പ്രവൃത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനംചെയ്‍തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായി.
ചെറുതോണി മുതൽ പാറമട വരെ ഒരു സംഘവും മൂലമറ്റം മുതൽ പാറമട വരെ മറ്റൊരു സംഘവും ശുചീകരണത്തിൽ പങ്കാളികളായി. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് എന്ന പ്രതിജ്ഞ ചൊല്ലിയതിന് ശേഷമാണ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ശുചീകരണം നടത്തിയത്. കുടിവെള്ള കുപ്പികൾ, സ്‍നാക്‍ സ് പാക്കറ്റുകൾ മുതൽ ചാക്കിൽ കെട്ടി വനമേഖലയ്ക്കുള്ളിൽ വലിച്ചെറിഞ്ഞ ഡയപ്പറുകൾ, പൊട്ടിയ മദ്യകുപ്പികൾ, പ്ലാസ്റ്റിക്ക്, പേപ്പർ, ബാനറുകൾ തുടങ്ങിയവയുൾപ്പെടെ രണ്ട് ടണ്ണോളം മാലിന്യം ശേഖരിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.
സബ്കലക്ടർ ഡോ. അരുൺ എസ് നായർ മുഖ്യാതിഥിയായി. അറക്കുളം പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സുബി ജോമോൻ, ഹരിതകേരളം ജില്ലാ കോ- ഓർഡിനേറ്റർ അജയ് പി കൃഷ്ണൻ, ശുചിത്വ മിഷൻ ഇടുക്കി കോ- ഓർഡിനേറ്റർ എസ് എം ഭാഗ്യരാജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..