ഇടുക്കി
ആയിരങ്ങളുടെ ആവലാതികൾക്ക് പരിഹാരം കണ്ട് ജില്ലയിലെ തദ്ദേശ അദാലത്ത്. ചെറുതോണി ടൗൺ ഹാളിൽ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്‌തു. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് എല്ലാ ജില്ലകളിലും അദാലത്ത് നടക്കുന്നത്. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ തീർപ്പാക്കാത്ത പരാതികൾ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. ബിൽഡിങ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര–വാണിജ്യ–വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയവ സംബന്ധിച്ച നൂറുകണക്കിന് പരാതികൾ പരിഗണിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ ശാസ്‌ത്രീയമായി വിശകലനം ചെയ്‌ത് നടപടി സ്വീകരിച്ചു. ഉടനടി തീർപ്പാക്കാനാകാത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ഇവ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പരിഹരിക്കുമെന്ന് പരാതിക്കാർക്ക് ഉറപ്പുനൽകി. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, വൈസ് പ്രസിഡന്റ് ആശ ആന്റണി, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. സീറാം സാംബശിവറാവു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..