പാനൂർ
കരിയാട് പള്ളിക്കുനിയിൽ പടന്നക്കര ഭാഗത്തെ ചെമ്പ്ര കുന്നിടിഞ്ഞു. വീടിന്റെ ഒരു ഭാഗം മണ്ണിനടിയിലായി. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് കുന്നിടിഞ്ഞത്. സി കെ ശ്രീധരന്റെ വീടിന്റെ മുറ്റവും അലക്ക് കല്ലിന്റെ ഭാഗവും മണ്ണിനടിയിലായി. മണ്ണിനോടൊപ്പം പ്ലാവും കശുമാവും മറ്റു മരങ്ങളും നിലംപതിച്ചു. കുന്നിന്റെ മധ്യഭാഗമാണ് അടർന്നുവീണത്. മഴ ശക്തമായ സാഹചര്യത്തിൽ മുകൾ ഭാഗം ഏത് സമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്.
തുടർച്ചയായി പെയ്‌ത മഴയിൽ കുന്നിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം അപകടാവസ്ഥയിലായിരുന്നു. കൗൺസിലർ ബിന്ദു മോനാറത്ത് ഉൾപ്പെടെ പൊതുപ്രവർത്തകർ ഇടപെട്ട് ചൊവ്വാഴ്ച രാവിലെ ശ്രീധരനെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റിയതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള പൈപ്പിന്റെ ടാങ്ക് ചെമ്പ്ര കുന്നിലുണ്ടെങ്കിലും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഒരു വർഷത്തോളമായി ജലവിതരണം നിർത്തിവച്ചു. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വാട്ടർ ടാങ്ക് കരിയാട് പഞ്ചായത്ത് നിലവിലുള്ളപ്പോൾ സ്ഥാപിച്ചതാണ്.
മേക്കുന്ന്–- - പാനൂർ റോഡിൽ മേനപ്രം ഈസ്റ്റ് യുപി സ്‌കൂളിന് സമീപം കനകമലയുടെ താഴ്വരയിലും നേരിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. നേരത്തെ സ്വകാര്യ വ്യക്തികൾ മണ്ണെടുത്ത ഭാഗത്താണ് ഇടിച്ചിലുണ്ടായത്. സ്‌കൂളും നിരവധി വീടുകളുമുള്ള ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളെ ഭീതിയിലാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..