22 November Friday

തളിപ്പറമ്പ്‌ താലൂക്ക്‌ ആശുപത്രി അത്യാഹിത 
വിഭാഗം കെട്ടിടത്തിന് 4.62 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
തളിപ്പറമ്പ്‌
തളിപ്പറമ്പ്‌ താലൂക്ക്‌ ഗവ. ആശുപത്രി  അത്യാഹിതവിഭാഗം  പുതിയ കെട്ടിടത്തിന് 4.62 കോടി രൂപ അനുവദിച്ചു. ദേശീയ ആരോഗ്യ ദൗത്യം 2024–--25 വാർഷിക  പദ്ധതിയിലുൾപ്പെടുത്തിയാണ്‌ തുക അനുവദിച്ചത്. അഞ്ച്‌ നിലകളിയായി നിർമിക്കുന്ന കെട്ടിടത്തിൽ ആധുനിക അത്യാഹിത വിഭാഗത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. പദ്ധതി നടത്തിപ്പ്‌ ചുമതല എച്ച്‌എൽഎല്ലിനെയാണ്‌ ഏൽപ്പിച്ചത്‌. വിശദപദ്ധതി രേഖ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. 
    പദ്ധതി പൂർത്തിയാകുന്നതോടെ ഗ്രൗണ്ട് ഫ്ലോറിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗം, ഒബ്സെർവേഷൻ റൂം, ഫാർമസി, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഒരുക്കും. വിശാലമായ നേത്രപരിശോധനാ റൂം, ഓപ്പറേഷൻ തിയറ്റർ, വാർഡ്, ആശുപത്രി ഓഫീസ് സംവിധാനം എന്നിവ ഒരുക്കും. പ്രവൃത്തി പൂർത്തിയാക്കിയ പ്രസവ വാർഡ്‌, ഓപ്പറേഷൻ തിയറ്റർ അടങ്ങിയ ലക്ഷ്യ ബ്ലോക്ക് ഉദ്ഘാടനത്തിനായി തയ്യാറായി. കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന 19 കോടിയുടെ ഐപി ബ്ലോക്കിന്റെ ഡിപിആർ പൂർത്തിയായി. കെഎച്ച്ആർഡബ്ലുഎസ്സിന്റെ ഫണ്ടിൽ നിർമിക്കുന്ന ആധുനിക പേ വർഡിനായി നിലവിൽ മൂന്ന്‌ കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം നടക്കുന്നു. ആരോഗ്യമേഖലയിലെ സമഗ്ര വികസനത്തിന് ഉതകുന്ന ഇടപെടലുകളാണ് തളിപ്പറമ്പ്‌ മണ്ഡലത്തിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top