കണ്ണൂർ
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ചുള്ള തദ്ദേശ അദാലത്ത് തിങ്കൾ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30 ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ വാർത്താസമ്മേനത്തിൽ അറിയിച്ചു. രാവിലെ 8.30ന് രജിസ്‌ട്രേഷൻ തുടങ്ങും.
തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷിച്ച് പരിഹരിക്കാത്ത പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതിക്ക് നൽകിയ നിവേദനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, നിർദ്ദേശങ്ങൾ എന്നിവയാണ് പരിഗണിക്കുക.
ബിൽഡിങ് പെർമിറ്റുകളും കംപ്ലീഷൻ ക്രമവൽക്കരണവും, വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ (ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ),നികുതികൾ, ഗുണഭോക്‌തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്‌കരണം, പൊതുസൗകര്യങ്ങൾ , പൊതുസുരക്ഷ, ആസ്‌തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിങ്ങനെ 11 ഇന പരാതികളാണ് പരിശോധിക്കുന്നത്. ലൈഫ്, അതിദാരിദ്ര്യം അപേക്ഷ, സർവീസ് വിഷയങ്ങൾ എന്നിവ അാദലത്തിൽ പരിഗണിക്കില്ല.
ഓൺലൈനായി 1186 അപേക്ഷ ലഭിച്ചിട്ടുണ്ട്. അദാലത്ത് വേദിയിലും പരാതി നൽകാം. അഞ്ച് ഉപജില്ലാ അദാലത്ത് കൗണ്ടറും ഓരോ ജില്ലാ അദാലത്ത്, സംസ്ഥാന അദാലത്ത് സമിതി കൗണ്ടറും മിനിസ്‌റ്റേഴ്‌സ് ഡെസ്‌ക്കുമാണ് സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാന തല അദാലത്ത് സമിതി പരിഗണിക്കേണ്ടവ മന്ത്രിയുടെ ഡെസ്‌ക്കിൽ നൽകും. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി പ്രിൻസിപ്പൽ ഡയറക്ടർ എൽഎസ്ജിഡി, റൂറൽ ഡയറക്ടർ എൽഎസ്ജിഡി, ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനിയർ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ സറീന എ റഹ്‌മാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..