കണ്ണൂർ
മായമില്ലാത്ത ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി സജീവമായി. കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തുകയും കൂടുതൽ സംരംഭകരെ സൃഷ്ടിക്കുകയുമാണ് ഹോം ഷോപ്പ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ ബ്ലോക്കുകളിലും സജീവമാകുന്നതോടെ 2000 കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിര വരുമാന മാർഗമുണ്ടാകും.
ഗ്രാമീണ സംരംഭകർക്ക് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പരിശീലനവും അസംസ്‌കൃത വസ്തുക്കളുടെ പാക്കിങ്ങിനും ലേബലിങ്ങിനും അടിസ്ഥാന സൗകര്യവും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. വിപണന രംഗത്ത് പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിന് സിഇഎഫിൽനിന്നും 70,000 രൂപ വരെ പലിശരഹിത വായ്‌പ, 50,000 രൂപ വരെ സംരംഭകത്വ വായ്‌പ, യൂണിഫോം, ബാഗ്, തിരിച്ചറിയൽ കാർഡ് എന്നിവയും കുടുംബശ്രീ നൽകുന്നുണ്ട്. എല്ലാ വാർഡുകളിലും ഹോം ഷോപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം.
കെ ലിഫ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോംഷോപ്പ് നടപ്പിലാക്കുന്നത്. സിഡിഎസുകളും മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരും ബ്ലോക്ക് കോ–- ഓഡിനേറ്റർമാരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. കണ്ണൂർ ഡിപിസി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ എം വി ജയൻ, അസി. കോ–-ഓഡിനേറ്റർ പി ഒ ദീപ, ഡിപിഎം നിധിഷ, ബിസി ഫരീദ, മാനേജ്‌മെന്റ് ടീം അംഗങ്ങളായ കെ പത്മനാഭൻ, ഹോം ഷോപ്പ് ഓണേഴ്‌സ് എന്നിവർ സംസാരിച്ചു. മികച്ച വിൽപ്പന നടത്തിയ ഉടമകൾക്ക് എം വി ജയൻ സമ്മാനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..