27 December Friday

അഴീക്കൽ വീണ്ടും 
ചരക്കുകപ്പലെത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ചരക്കുകപ്പൽ സർവീസ് ആരംഭിക്കാനായി മാരിടൈം ബോർഡ് വിളിച്ചുചേർത്ത യോ​ഗം

അഴീക്കോട്
അഴീക്കൽ തുറമുഖത്തുനിന്ന് ചരക്കുകപ്പൽ സർവീസ് വീണ്ടും  ആരംഭിക്കും. കണ്ടെയ്നർ ലഭ്യത സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ മാരിടൈം ബോർഡ് വിളിച്ചുചേർത്തയോ​ഗത്തിലാണ്  സർവീസ് തുടങ്ങാൻ ധാരണയായത്.  
മുംബൈയിലെ ഭാരത് ഫ്രൈറ്റ് കമ്പനി പ്രതിനിധികളാണ് സർവീസ് നടത്താൻ താൽപ്പര്യം അറിയിച്ചത്. തുറമുഖത്ത് വൈകാതെ ഡ്രഡ്ജിങ്‌ ആരംഭിക്കുമെന്നും കണ്ടെയ്‌നർ ഗോഡൗൺ ഉൾപ്പെടെ ഒരുക്കുമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള ഉറപ്പ് നൽകി. സർവീസുകൾ കൃത്യമായ സമയക്രമം പാലിക്കണമെന്ന് കെ വി സുമേഷ്  എംഎൽഎ നിർദേശിച്ചു. 
ഷെഡ്യൂൾ നേരത്തേ നൽകുമെന്നും അതുപ്രകാരം സർവീസ് നടത്തുമെന്നും കപ്പൽ കമ്പനി പ്രതിനിധികൾ അറിയിച്ചു. വിദേശ കപ്പലുകളടക്കം അടുക്കാനുള്ള ഐഎസ് പിഎസ് കോഡ് കഴിഞ്ഞവർഷം അഴീക്കൽ തുറമുഖത്തിന് ലഭിച്ചിരുന്നു. നിലവിൽ കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾക്കുള്ള ഓഫീസ് എന്നിവ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. ഇൻസെന്റീവ് നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമായിട്ടുണ്ട്. 
തുറമുഖത്തെ ഡ്രഡ്ജറിന്റെ അറ്റകുറ്റപ്പണി കഴിയുന്നമുറയ്ക്ക് ഡ്രഡ്ജിങ്ങും ആരംഭിക്കും. നേരത്തെ കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ച്  മാരിടൈം ബോർഡ് ചരക്കുകപ്പൽ സർവീസ് നടത്തിയിരുന്നു. എന്നാലിപ്പോൾ കപ്പൽ സർവീസ് നടക്കുന്നില്ല. സർവീസ് നിർത്താനുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ്. 
കപ്പൽ കമ്പനിയുടെയും മാരിടൈം ബോർഡിന്റെയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്, വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്  എന്നിവയുടെ പ്രതിനിധികളും കുടകിൽനിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നവരും മലയാളികളായ നിരവധി കർഷകർ കുടകിൽ കാപ്പിയും കുരുമുളകും കൃഷിചെയ്യുന്നുണ്ട്.  
നല്ല വിലകൂടി ലഭിക്കുന്ന വേളയിൽ ചരക്കുനീക്കത്തിലൂടെ  കയറ്റുമതി വർധിപ്പിക്കാൻ സാധിക്കുമെന്നത് മലയാളി കർഷകർക്ക്‌ പ്രതീക്ഷ വർധിപ്പിക്കുകയാണ്.  
മാരിടൈം ബോർഡ് സിഇഒ ഷൈൻ എ ഹക്ക്, തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ടി ദീപൻകുമാർ, വെസ്റ്റേൺ ഇന്ത്യ കമ്പനി എംഡി മായൻ മുഹമ്മദ്, ചേംബർ ഓഫ് കോമേഴ്സ്  പ്രസിഡന്റ് രമേഷ് കുമാർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top