കണ്ണൂർ
നാറാത്ത് കാക്കത്തുരുത്തി എടപ്പട്ട വയലിൽ വ്യാഴാഴ്‌ച ഉത്സവമായിരുന്നു. നാലുമാസം മുമ്പ് കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാ കോളേജ് എൻഎസ്‌എസ് വളന്റിയർമാർ വിതച്ച നെൽവിത്തുകൾ കൊയ്‌തെടുക്കാനുള്ള ഉത്സവം. തരിശിട്ട വയലിലേക്ക് ആവേശത്തോടെ ഇറങ്ങിയ മിടുമിടുക്കികൾ കൊയ്‌തെടുത്തത് വെറും നെല്ലായിരുന്നില്ല, മറന്നുതുടങ്ങിയ കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കണമെന്ന അവരുടെ സ്വപ്‌നമായിരുന്നു.
കഴിഞ്ഞ ജൂലൈ എഴിനാണ് വനിതാ കോളേജിലെ എൻഎസ്‌എസ് വളന്റിയർമാർ കാക്കത്തുരുത്തി എടപ്പട്ട വയലിൽ ഞാറുനട്ടത്. അന്നുമുതൽ നെല്ല് കൊയ്‌തെടുക്കുന്നതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും നാട്ടറിവുകൾ പഠിച്ചും പ്രയോഗിച്ചുമായിരുന്നു. കർഷക ശാന്തയാണ് കൊയ്‌ത്തിന്റെ അടിസ്ഥാനപാഠങ്ങൾ വിദ്യാർഥിനികൾക്ക് പകർന്നത്.
കൊയ്‌തശേഷം കറ്റതല്ലി കെട്ടുകളാക്കി മാറ്റുന്നതുവരെയുള്ളതെല്ലാം ആവോളം ആസ്വദിക്കുകയായിരുന്നു വിദ്യാർഥിനികൾ. കട്ടനും കായവറുത്തതും കഴിച്ച് തുടങ്ങിയ പണിയുടെ ക്ഷീണം കഞ്ഞിയും പുഴുക്കും ചമ്മന്തിയും കഴിച്ചാണ് അവർ തീർത്തത്. വിദ്യാർഥിനികളുടെ മാതൃകാ പ്രവർത്തനം കാണാനും ജീവിത പാഠമാക്കാനും നാറാത്ത് ഈസ്റ്റ് എഎൽപി സ്ക്കൂളിലെ കുട്ടികളുമുണ്ടായിരുന്നു. കൊയ്‌തെടുത്ത നെല്ല് അരിയാക്കി മാറ്റി ജില്ലയിലെ അനാഥാലയത്തിന് കൈമാറാനാണ് തീരുമാനം. അനാഥാലയത്തിലെ അന്തേവാസികൾക്കൊപ്പം വിദ്യാർഥിനികൾ പുത്തരിയുണ്ണും.
കൊയ്‌ത്തുത്സവം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ ടി ചന്ദ്രമോഹനൻ അധ്യക്ഷനായി. കണ്ണൂർ സർവകലാശാലാ സിൻഡിക്കറ്റംഗം എം സുകുമാരൻ മുഖ്യാതിഥിയായി. ഡോ. കെ പി നിധീഷ്, ചെയർമാൻ കെ ടി ഷാനിബ, പി കെ ഷീമ, ഉമാനന്ദൻ, എ സിദാന, ടി ദേവിക എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..