കണ്ണൂർ
വയനാടിന്റെ കണ്ണീരൊപ്പാൻ നാടാകെ കൈകോർക്കുന്നു. ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാടായി ബാങ്ക് നൽകിയ പത്തുലക്ഷം രൂപ പ്രസിഡന്റ് കെ പത്മനാഭനിൽനിന്ന് എം വിജിൻ എംഎൽഎ ഏറ്റുവാങ്ങി. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ മാടായി ബാങ്ക് യൂണിറ്റിന്റെ വിഹിതവും ചടങ്ങിൽ കൈമാറി.
ദുരിതാശ്വാസ നിധിയിലേക്ക് ചിറക്കൽ പഞ്ചായത്ത് നൽകുന്ന 10 ലക്ഷം രൂപ പ്രസിഡന്റ് പി ശ്രുതിയും അഴീക്കോട് പഞ്ചായത്തിന്റെ 10 ലക്ഷം രൂപ പ്രസിഡന്റ് കെ അജീഷും നാറാത്ത് പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് കെ രമേശനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി.
ദുരന്തമേഖലയിലേക്ക് അണുമുക്ത ഉൽപ്പന്നങ്ങളുമായി കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രൊഡക്ട്‌സ് ലിമിറ്റഡ്. കമ്പനി ഉൽപ്പന്നങ്ങളായ സാനിറ്റൈസർ, ഹാൻഡ് റബ്, ഹാൻഡ് വാഷ്, ഫ്ലോർ ക്ലീനർ ഉൾപ്പെടെയുള്ളവയാണ് വയനാട് ജില്ലാ നോഡൽ ഓഫീസർ അനിതാ രാജന് കൈമാറിയത്.
മാവിലായി ബാങ്ക് ജീവനക്കാർ സ്വരൂപിച്ച 50,750 രൂപ കെസിഇയു ഏരിയാ പ്രസിഡന്റ് കെ വി അജിത്തിന് കൈമാറി. ചെറുപുഴ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ ഒരുലക്ഷം രൂപ കൈമാറി.
ഒപ്പമുണ്ട്
എൻഎസ്എസും
കണ്ണൂർ
വയനാട് മുണ്ടക്കൈയിലെ ദുരന്തബാധിതർക്ക് കണ്ണൂർ സർവകലാശാലാ എൻഎസ്എസിന്റെ സഹായം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 101 എൻഎസ്എസ് യൂണിറ്റുകളാണ് 10 ലക്ഷം രൂപ സമാഹരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ, സ്റ്റേഷനറി വസ്തുക്കൾ, ബെഡ് ഷീറ്റ്, കുടിവെള്ളം, ഭക്ഷണം, സാനിറ്ററി പാഡ് തുടങ്ങിയ അവശ്യസാധനങ്ങൾ നൽകി.
കൈകോർത്ത്
ബംഗളൂരു
ദുരന്തത്തിലകപ്പെട്ടവർക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും നടപടിയെടുക്കാൻ നോർക്കയുടെ നേതൃത്വത്തിൽ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബംഗളൂരുവിലെ സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.
നോർക്ക റൂട്ട് ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് അധ്യക്ഷയായി. ഗൂഗിൾ മീറ്റിൽ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പൻ, എൽദോ ബേബി, എം കെ നൗഷാദ്, കെ പി ശശിധരൻ, റെജികുമാർ, ഫിലിപ് കെ ജോർജ്, സന്ദീപ് കൊക്കൂൺ എന്നിവർ പങ്കെടുത്തു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..