പേരാവൂർ
കണ്ണവം വനത്തിനുള്ളിൽ കഴിഞ്ഞ ദിവസം മൂന്നിടത്തായി ഉരുൾപൊട്ടിയതിൽ പെരുവ ഗോത്രവർഗ സെറ്റിൽമെന്റ് ഏരിയ ഒറ്റപ്പെട്ടു. കോളയാട് പഞ്ചായത്തിലെ പ്രധാന ജനവാസ മേഖലയായ പെരുവ കണ്ണവം വനത്തിനകത്താണ്. 16 വനഗ്രാമങ്ങളിലായി 456 ഗോത്ര കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. പെരുവയിലെ 18 വീടുകളിലെ താമസക്കാരെ പാലയത്തുവയൽ ഗവ. യുപിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
തെറ്റുമ്മലിലും കൊളപ്പയിലുമുണ്ടായ ഉരുൾപൊട്ടലിൽ ഏഴ്‌വീട്ടുകാർ ഒറ്റപ്പെട്ടു. റോഡും പുഴക്ക് കുറുകെയുള്ള നടപ്പാലവുംതകർന്നു. തെറ്റുമ്മലിൽ രാത്രി ഒന്നോടെയുണ്ടായ ഉരുൾപൊട്ടലിൽ മരങ്ങളും പാറക്കല്ലുകളും കൂട്ടത്തോടെ കുതിച്ചെത്തി. ഇതിനടുത്ത് വീടുകൾ ഇല്ലാത്തതിനാൽ ആളപായമില്ല. ചെമ്പുക്കാവ് ഉരുൾപൊട്ടലിൽ വൻതോതിൽ കൃഷിനശിച്ചു. മൂന്ന് ഉരുൾപൊട്ടലിലെയും വെള്ളം പെരുവ പുഴ വഴി ഒഴുകി എടയാർ- കണ്ണവം- അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. പെരുവ ഗവ. ആശുപത്രിക്ക് സമീപത്തെ കോൺക്രീറ്റ് നടപ്പാലവും കുത്തൊഴുക്കിൽ ഒലിച്ചുപോയി.
പെരുവയുടെ മറുഭാഗമായ കോളയാട് പഞ്ചായത്തിലെതന്നെ ചെക്വേരിക്ക് മുകളിലായുണ്ടായ ഉരുൾപൊട്ടലിൽ വലിയ മലവെള്ളം ഒഴുകിവന്ന് കോളയാട്, പുന്നപ്പാലം, ആലച്ചേരി എന്നിവിടങ്ങളിലും വെള്ളംകയറി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് പഞ്ചായത്തിൽ ഉണ്ടായത്. വീടുകൾ തകർന്നു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വീട്ടുപകരണങ്ങളും ഏക്കർ കണക്കിന് കൃഷിയും നശിച്ചു.
വഴികളടഞ്ഞ് 55 കുടുംബം
ആകെയുണ്ടായിരുന്ന സഞ്ചാരമാർഗം പുഴയെടുത്തതിന്റെ ഞെട്ടലിലാണ് ആക്കംമൂല- ചന്ദ്രോത്ത് പ്രദേശവാസികൾ. ഗോത്രവർഗം ഉൾപ്പെടെ 55 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കോൺക്രീറ്റ് നടപ്പാലം. 1993ൽ എം പി ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച കോൺക്രീറ്റ് നടപ്പാലമാണ് ശക്തമായ മഴയിൽ ഒലിച്ചുപോയത്. ആക്കംമൂലയിൽനിന്ന് പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. യുപി സ്‌കൂൾ, റേഷൻ കട എന്നിവിടങ്ങളിലേക്ക് പോകുന്നത് ഈ പാതവഴിയാണ്. പാലം തകർന്നതോടെ നാല് കിലോമീറ്റർ അകലെയുള്ള നിർമാണത്തിലിരിക്കുന്ന കടൽകണ്ടംപാലം വരെ നടന്ന് മറുകരയിലെത്തി, അവിടെനിന്ന് മൂന്നു കിലോമീറ്ററോളം അകലെയുള്ള ആരോഗ്യകേന്ദ്രത്തിലും സ്കൂളിലുമെത്തേണ്ട ഗതികേടിലാണ്. ആനയും കാട്ടുപോത്തുമുൾപ്പെടെ വന്യമൃഗങ്ങളുള്ള ദുർഘടപാതയിലൂടെ കുട്ടികളെ എങ്ങനെ സ്‌കൂളിൽ അയക്കുമെന്ന ആശങ്കയിലാണ് ഇവർ.
കുടുംബങ്ങളെ
മാറ്റിപ്പാർപ്പിക്കണം
–റോയ് പൗലോസ്–
പെരുവ പഞ്ചായത്ത് അംഗം
സ്ഥിരമായി ഉരുൾപൊട്ടലുണ്ടായി ദുരന്തം പേറുന്ന സ്ഥലത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. പാലങ്ങളും റോഡുകളും തകർന്നത് പുനർനിമിച്ച് പെരുവ വാർഡിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണം. ഇതിന് ത്രിതല പഞ്ചായത്തുകളുടെയും കേന്ദ്ര–--സംസ്ഥാന സർക്കാരുകളുടെ സംയോജിത പദ്ധതികൾ വേണം.
ഭൂമിയും വീടും നൽകണം
–എ ഷാജു –
കൃഷി നശിച്ചവർക്ക് അടിയന്തര സഹായവും ഉരുൾപൊട്ടലിൽ പ്രയാസംനേരിട്ടവർക്ക് ഭൂമിയും വീടും നൽകണം. മലമുകളിൽ കഴിയുന്നവർക്ക് കുടിവെള്ള സൗകര്യവും മൂപ്പൻ കൊളപ്പ- ചന്ത്രോത്ത് ഇക്കരെയെത്താൻ അടിയന്തരമായി നടപ്പാലവും നിർമിക്കണം. ഇതിനായി പദ്ധതികളുണ്ടാക്കി ഫണ്ട് വകയിരുത്തണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..