22 December Sunday

ഒന്നരലക്ഷവും പിഴയും വേണ്ട; 
നിഷയും സന്തോഷും ഹാപ്പി

സുപ്രിയ സുധാകർUpdated: Tuesday Sep 3, 2024

വി വി നിഷയും ഭർത്താവ് 
സന്തോഷും കണ്ണൂരിൽ നടന്ന 
തദ്ദേശ അദാലത്തിൽ

കണ്ണൂർ
മുഴുവൻ സമ്പാദ്യവും ബാങ്ക്‌ വായ്‌പയുമെടുത്താണ്‌ വലിയവളപ്പിൽ നിഷയും ഭർത്താവ്‌ സന്തോഷും മോറാഴ വെള്ളിക്കീൽ ചേരയിൽ അഞ്ചര സെന്റ്‌ ഭൂമി വാങ്ങിയത്‌. ലൈഫ്‌ ഭവനപദ്ധതിയിൽ വീടുകൂടി ലഭിച്ചപ്പോൾ സ്വപ്‌നങ്ങളും വളർന്നു. മൂന്നു ഗഡുക്കളായി ലഭിച്ച 1.55 ലക്ഷം രൂപകൊണ്ട്‌ മേൽക്കൂരനിർമാണംവരെയെത്തി. എന്നാൽ, 2019ലെ പ്രളയം ഇവരുടെ സ്വപ്‌നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി. കനത്ത മഴയിൽ തറയുടെ മണ്ണൊലിച്ചു വലിയ കുഴി രൂപപ്പെട്ടു. കെട്ടിടം സുരക്ഷിതമാക്കാൻ ചുരുങ്ങിയത് 16 ലക്ഷം രൂപ ചെലവിൽ സുരക്ഷാഭിത്തി നിർമിക്കണമെന്ന്‌ തദ്ദേശവകുപ്പ് എൻജിനിയർ നിർദേശിച്ചു. ഇതോടെ വീടുനിർമാണം നിലച്ചു. 
   ഭവനപദ്ധതിയിൽനിന്ന് സഹായം ലഭിക്കുകയും നിർമാണം പൂർത്തിയാക്കാതിരിക്കുകയും ചെയ്താൽ വർഷം 18 ശതമാനം പലിശയോടെ തുക തിരിച്ചടയ്ക്കണമെന്നാണ്‌ വ്യവസ്ഥ. മീൻകച്ചവടക്കാരാനായ സന്തോഷിന്റെ കുടുംബത്തിന്‌ ഈ തുക തിരിച്ചടയ്‌ക്കാൻ വഴിയില്ലാതായതോടെയാണ്‌ പരാതിയുമായി തദ്ദേശ അദാലത്തിൽ എത്തിയത്‌. മൂന്നു മക്കളുമടങ്ങുന്നതാണ്‌ ഇവരുടെ കുടുംബം. ദുരിതം മനസ്സിലാക്കിയ മന്ത്രി എം ബി രാജേഷ്‌ തുക തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന്‌ ഉറപ്പുനൽകി. 
   സമാന സംഭവങ്ങളിൽ നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായി ഇളവ് അനുവദിക്കാമെന്ന പൊതുതീരുമാനവും അദാലത്ത് കൈക്കൊണ്ടു. ബാധ്യത ഒഴിവായതിന്റെ സന്തോഷം പങ്കുവച്ചും സർക്കാരിനു നന്ദിപറഞ്ഞുമാണ്‌ നിഷയും സന്തോഷും മടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top