18 November Monday
തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രി

രാജിവച്ച പ്രസിഡന്റ് ഭരണസമിതിയിൽ; 
ചോദ്യംചെയ്‌ത്‌ ഹൈക്കോടതി നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024
തലശേരി
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ്‌ സ്ഥാനം രാജിവച്ച ഡിസിസി സെക്രട്ടറി കെ പി സാജുവിനെ വീണ്ടും ഭരണസമിതിയിൽ ഉൾപ്പെടുത്തിയത്‌ ചോദ്യംചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കടവത്തൂർ സ്വദേശിയും ആദ്യകാല കോൺഗ്രസ്‌ നേതാവുമായ ഇ കെ പവിത്രൻ നൽകിയ ഹർജിയിൽ വൈസ്‌പ്രസിഡന്റ്‌ കണ്ടോത്ത്‌ ഗോപി, കെ പി സാജു, ജനറൽ മാനേജർ എന്നിവർക്ക്‌ കോടതി നോട്ടീസ്‌ അയച്ചു. അടിയന്തരസ്വഭാവം പരിഗണിച്ച് പ്രത്യേകദൂതൻ വഴിയാണ്‌ നോട്ടീസ് നൽകിയത്‌. 
ആശുപത്രിക്ക് സമാനമായ മറ്റൊരുസ്ഥാപനം പാനൂരിൽ നടത്തുന്നുവെന്ന പരാതിയിൽ കെ പി സാജുവിനെ സഹകരണ ജോ. റജിസ്‌ട്രാർ  അയോഗ്യനാക്കിയിരുന്നു. ഇതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി  ആഗസ്‌ത്‌ 19 ന് പരാതിക്കാരനെയും  സാജുവിനെയും കേട്ടശേഷം മൂന്നാഴ്ചക്കകം തീരുമാനം എടുക്കാൻ സഹകരണ ജോ. റജിസ്‌ട്രാറോട്‌ നിർദേശിച്ചു. ഹിയറിങ്ങിന്‌ ഹാജരാകുന്നതിന്‌ മൂന്ന്‌ ദിവസംമുമ്പ്‌ ഭരണസമിതി അംഗത്വമടക്കം രാജിവച്ച്‌ നിലവിൽ പ്രസിഡന്റല്ലെന്ന്‌ സഹകരണ ജോ. റജിസ്‌ട്രാർക്ക്‌ സത്യവാങ്മൂലം നൽകി. ഇതിനുശേഷമാണ്‌ രാജിവച്ച നേതാവിനെ വീണ്ടും നോമിനേറ്റ്‌ ചെയ്‌തത്‌. രാജിവച്ച ഒഴിവിലേക്ക് അതേ ആളെ ദിവസങ്ങൾക്കുള്ളിൽ നോമിനേറ്റ് ചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതാണെന്ന്‌ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഹൈക്കോടതി നോട്ടീസ്‌ ലഭിച്ചതിനുപിറകെ ആശുപത്രിയുടെ അടിയന്തര ഭരണസമിതി യോഗം തിങ്കളാഴ്‌ച ചേർന്നു. നിലവിലുള്ള ഭരണസമിതി അംഗങ്ങളിൽ നാലുപേർ പങ്കെടുക്കാതെ മാറിനിന്നു. ആശുപത്രി പ്രസിഡന്റിനെതിരെ അഴിമതി ആരോപിച്ച് സഹകരണ ജോ. റജിസ്ട്രാർക്ക് പരാതി നൽകിയവരാണ്‌ വിട്ടുനിന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top