പയ്യന്നൂർ
നിർമിതിയിലും രൂപത്തിലുമെല്ലാം വ്യത്യസ്‌തമായിരുന്നു പെരുമ്പ ജങ്‌ഷനിലെ ‘ജീവനം –- ശുചിത്വ ബോധവൽക്കരണ’ ശിൽപ്പം. ആമയുടെ രൂപത്തിൽ പാഴ്‌വസ്‌തുക്കൾകൊണ്ട് നിർമിച്ചത്. എന്നാൽ, ആമയുടെ മെല്ലെപ്പോക്കുപോലെയല്ല പെട്ടെന്നായിരുന്നു നിർമാണം. - മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി 11 അടി നീളവും ഒമ്പതടി വീതിയും അഞ്ചടി ഉയരവുമുള്ള ശിൽപ്പം ഒരുക്കിയത് ശിൽപ്പി ഉണ്ണി കാനായി.
ഏറ്റവും കൂടുതൽ ആയുസുള്ള ജീവിയെന്നറിയപ്പെടുന്ന ആമയുടെ പുറംതോടിൽ വലിച്ചെറിയുന്ന സൗന്ദര്യവർധക വസ്തുക്കൾ പതിക്കുകയും അതിലൊന്നായ വളയെ അതിജീവിച്ച് വളരുന്ന ആമയുടെ ദയനീയ അവസ്ഥയുമാണ് ശിൽപ്പത്തിലൂടെ ഒരുക്കിയത്.
പ്ലാസ്റ്റിക് ബോട്ടിൽ, സ്കൂൾ ബാഗ്, ചെരുപ്പുകൾ, പ്ലാസ്റ്റിക് ചാക്ക്, തെർമോകോൾ, ബൾബുകൾ തുടങ്ങിയവ ശേഖരിച്ചാണ് ശിൽപ്പമൊരുക്കിയത്. ഷൈജിത്ത് കുഞ്ഞിമംഗലം, വിനേഷ് കോയക്കീൽ, ബിജു കോയക്കീൽ, ബാബൂട്ടൻ മണിയറ, ടി കെ അഭിജിത് എന്നിവർ നിർമാണത്തിൽ സഹായികളായി. ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ വി ലളിത അധ്യക്ഷയായി. വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, സെക്രട്ടറി എം കെ ഗിരീഷ് എന്നിവർ സംസാരിച്ചു. പയ്യന്നൂർ കോളേജ് എൻഎസ്എസ് യൂണിറ്റ് വളന്റിയർ പി എസ് പാർഥിവ് പാഴ്വസ്തുക്കളാൽ നിർമിച്ച "ഇടയ്‌ക്ക" എംഎൽഎയ്ക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..