കണ്ണൂർ
കണ്ടിരുന്ന കാഴ്‌ചകളെല്ലാം അൽപം മങ്ങിയാണ് ജെസോ ഇപ്പോൾ കാണുന്നത്. എങ്കിലും പ്രതീക്ഷയുടെ വെളിച്ചത്തിലേക്കാണ് ജെസോ നോക്കുന്നത്. കണ്ണിലെ ഇരുട്ടുകൂടിയാലും മുന്നോട്ട് നടക്കാനുറച്ച ചിന്തകളുടെ വേഗം കുറയ്‌ക്കാൻ തയ്യാറല്ല. പരിമിതികളോട് നിരന്തരം പൊരുതുന്ന ജെസോ പ്രശാന്ത് എന്ന അധ്യാപകന്റെ ജീവിതം ഒരു പാഠപുസ്‌തകമാണ്.
ജെസോയുടെ അച്ഛൻ പ്രദീപ് ഡോണയ്‌ക്ക് ജന്മനാൽ ഒരു കണ്ണിനുമാത്രമാണ് കാഴ്‌ചയുണ്ടായിരുന്നത്. പ്രദീപിന്റെയും ലില്ലിയുടെയും മൂത്തമകനാണ് ജെസോ. 75 ശതമാനം കാഴ്‌ച പരിമിതിയോടെയാണ് ജെസോ ജനിച്ചത്. കാഴ്‌ചയിലും സംസാരത്തിലും കേൾവിയിലും ഭിന്നശേഷിയോടെയാണ് അനുജത്തി ജസ്‌ന ജൂഡിത്ത് ജനിച്ചത്. ഒരുകണ്ണിന് മാത്രം കാഴ്‌ചയുള്ള അച്ഛൻ കൂലിപ്പണിയെടുത്തും പുസ്‌തകം വിറ്റുമാണ് ചെലവുകൾ നടത്തിയത്.
പരിമിതികളെ അതിജീവിക്കാൻ ജെസോ നടന്നത് അറിവിന്റെ വഴിയിലേക്കാണ്. സാധാരണകുട്ടികൾക്കൊപ്പം പഠിക്കണമെന്നത് ജെസോയുടെ തീരുമാനമായിരുന്നു. സഹപാഠികൾ മൈതാനത്ത് കളിക്കുമ്പോൾ ലൈബ്രറിയിലിരുന്ന് ഭൂതക്കണ്ണാടി ഉപയോഗിച്ച് പുസ്‌തകങ്ങൾ വായിച്ചുതീർത്തു. പത്താം ക്ലാസും പ്ലസ്‌ടുവും 80 ശതമാനത്തിലേറെ മാർക്ക് വാങ്ങി പാസായ ജെസോ തലശേരി ബ്രണ്ണൻ കോളേജിൽനിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. ബ്രണ്ണൻ ബിഎഡ് കോളേജിൽനിന്ന് ബിഎഡും നേടി. 2018ൽ സെറ്റ്, നെറ്റ് യോഗ്യതകൾ നേടി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപകനാണ്. കാലങ്ങളായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് കണ്ണൂർ എജി ചർച്ചും നാട്ടുകാരും ചേർന്നാണ് ബക്കളത്ത് വീട് നിർമിച്ചുനൽകിയത്. ജെസോ പാടിയ ക്രിസ്‌തീയ ഭക്തിഗാനങ്ങൾ യൂട്യൂബിലും ഹിറ്റാണ്.
പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി മുന്നോട്ടു നടക്കുമ്പോൾ പുതിയ പ്രശ്‌നങ്ങളാണ് വരുന്നത്. 75 ശതമാനമായിരുന്ന കാഴ്‌ച പരിമിതി 90 ശതമാനമായി കൂടിയെന്ന് അടുത്തിടെ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. സാങ്കേതികവിദ്യാ സഹായത്തോടെയുള്ള കാഴ്‌ച ഉപയോഗിച്ചാണ് ജെസോ ഇത്രയും കാലം പഠിച്ചതും പഠിപ്പിച്ചതുമെല്ലാം. കാഴ്‌ച കുറയുകയാണെങ്കിൽ ബ്രെയിൽ ലിപി പഠിക്കാമെന്ന തീരുമാനത്തിലാണ് ഇദ്ദേഹം.
‘‘ഭിന്നശേഷിത്വത്തെ ഉൾക്കൊള്ളാൻ തയ്യാറായാൽ ഒരു പരിധിവരെ മാനസിക പ്രയാസങ്ങൾ കുറയ്‌ക്കാം. തളർന്നിരിക്കരുത്. ഭിന്നശേഷിക്കാരനായാലും അല്ലെങ്കിലും നല്ല മനുഷ്യരാകുകയാണ് പ്രധാനം’’. ജെസോ പറഞ്ഞു. സ്ഥിരം ശമ്പളം ഇല്ലാതിരുന്നിട്ടുപോലും വയനാട് ജനതയ്‌ക്ക് വീട് നിർമിക്കാനുള്ള ഡിവൈഎഫ്‌ഐ പദ്ധതിയിൽ ജെസോ തുക സംഭാവന ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..