05 December Thursday

കടിയുറപ്പ്, കണ്ണൂർ നഗരത്തിൽ കരുതിയിറങ്ങണം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024
കണ്ണൂർ
നഗരത്തിൽ അലഞ്ഞുതിരിയുന്ന നായകളെ പിടികൂടാൻ സൗകര്യമൊരുക്കാതെ കോർപറേഷൻ. പേപ്പട്ടിയുടെ ആക്രമണത്തിൽ റെയിൽവെ സ്‌റ്റേഷനിലും പരിസരത്തുനിന്നുമായി 15 യാത്രക്കാർക്ക്‌ കടിയേറ്റിട്ട്‌  ആറുദിവസമായിട്ടും കോർപറേഷൻ നടപടി കണ്ണിൽപൊടിയിടൽമാത്രം. നഗരത്തിലും കോർപറേഷൻ ഭാഗങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണ്‌. പകലും രാത്രിയിലും നഗരത്തിലുടെ കാൽനടയാത്രപോലും ദുസ്സഹമാക്കിയാണ്‌ തെരുവുനായകളുടെ വിഹാരം. 
      നവംബർ 27നാണ്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്‌ഫോമിലും പരിസരത്തുംവച്ച്‌ യാത്രക്കാർക്ക്‌ പേപ്പട്ടിയുടെ കടിയേറ്റത്‌. ഈ നായ മറ്റു നായകളെയും കടിച്ചിട്ടുണ്ട്‌.  എന്നിട്ടും തെരുവുനായകളെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റാൻ കോർപറേഷനായില്ല. കോർപറേഷന്റെ നിരുത്തരവാദപരമായ സമീപനത്തിൽ പ്രതിഷേധം വ്യാപകമാണ്‌. 
15 പേർക്ക്‌ കടിയേറ്റ സാഹചര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളും റെയിൽവേയും ആരോഗ്യം, മൃഗസംരക്ഷണം, പൊലീസ്‌ എന്നിവയും ചേർന്ന്‌ നഗരത്തിൽ അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി വന്ധ്യംകരണം നടത്താനും വാക്‌സിനേഷൻ നടപടിക്കും നിർദേശിച്ചിരുന്നു. എന്നാൽ സംഭവം നടന്ന ആറുദിവസത്തിനുശേഷമാണ്‌ പേരിനുമാത്രം നായകളെ പിടികൂടിയത്‌. തിങ്കളാഴ്‌ച റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ ആറ്‌ നായകളെയാണ്‌ പിടികൂടിയത്‌. ഇവയെ പടിയൂർ എബിസി കേന്ദ്രത്തിലേക്ക്‌ മാറ്റി വന്ധ്യംകരണ ശസ്‌ത്രക്രിയക്കൊപ്പം വാക്‌സിനേഷനും നൽകും.
എൽഡിഎഫ്‌ 
മാർച്ച്‌ ഇന്ന്‌
പേപ്പട്ടികളിൽനിന്ന്‌ ജനങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച എൽഡിഎഫ്‌  കോർപറേഷൻ ഓഫീസിലേക്ക്‌  മാർച്ച്‌  നടത്തും. രാവിലെ 9.30ന്‌ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ആരംഭിക്കും. തെരുവുനായകളെ പിടികൂടാനോ ഷെൽട്ടർ ഹോം തയ്യാറാക്കി  പാർപ്പിക്കാനോ വന്ധ്യംകരണത്തിലൂടെ  പെരുപ്പം കുറയ്‌ക്കാനോ കോർപറേഷൻ നടപടി  സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ്‌  മാർച്ച്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top