വളപട്ടണം
നാടിനെ നടുക്കിയ കവർച്ച നടത്തിയ മോഷ്ടാവിനെ ഏതാനും ദിവസങ്ങൾകൊണ്ട് പിടികൂടിയ പ്രത്യേക അന്വേഷകസംഘത്തിന് അഭിനന്ദന പ്രവാഹം. മന്നയിലെ അരി മൊത്തവ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർച്ച നടത്തിയ കേസ് വിദഗ്‌ധമായി തെളിയിച്ച അന്വേഷകസംഘമാണ് തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലുൾപ്പടെ താരങ്ങൾ. മോഷ്ടാവിനെ പിടിച്ചതറിഞ്ഞ് തിങ്കൾ രാവിലെ മുതൽ മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും വളപട്ടണം പൊലീസ് സ്റ്റേഷനിലേക്കെത്തി. രാവിലെ 10ന് സിറ്റി പൊലീസ് കമീണർ അജിത് കുമാർ മാധ്യമങ്ങളെ കണ്ട് മോഷ്ടാവിനെ പിടികൂടിയ വിവരം സ്ഥിരീകരിച്ചു. വാർത്താസമ്മേളനം കഴിഞ്ഞയുടൻ കെ വി സുമേഷ് എംഎൽഎ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തി സിറ്റി പൊലീസ് കമീഷണർ അജിത്കുമാർ, എസിപി ടി കെ രത്നകുമാർ, അന്വേഷകസംഘത്തിലെ ഉദ്യോഗസ്ഥർ എന്നിവരെ അഭിനന്ദിച്ചു. കേസിലെ പ്രതിയെ കാണാൻ നാട്ടുകാരും തടിച്ചുകൂടിയിരുന്നു. കളവുചെയ്ത പണവും സ്വർണവും മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചപ്പോൾ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേരുണ്ടായി. പ്രതിയെ പിടികൂടിയതിൽ സന്തോഷം പ്രകടിപ്പിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനിൽ മധുരവിതരണവും ഉണ്ടായി.
ചെന്നെെയിൽ ഇൻക്വസ്‌റ്റ്: ‘മിന്നൽ വേഗ’ത്തിൽ നടപടി
ഇരിട്ടി
വാഹനാപകടത്തിൽ മരിച്ച ചെന്നെെയിലെ യുവാവിന്റെ മൃതദേഹ പരിശോധന ‘മിന്നൽ വേഗത’യിൽ നടത്തി ഇരിട്ടി പൊലീസ്. ഇരിട്ടി പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ കേരളാ പൊലീസിന്റെ സേവന ചരിത്രത്തിൽ പുതിയ അധ്യായമായി.
കഴിഞ്ഞ നവംബർ രണ്ടിനാണ് ചെന്നെ റെഡ് ഹിൽസിലെ എസ് ഗൗതം (28) സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിച്ച കാർ ഇരിട്ടി കിളിയന്തറയിൽ ലോറിയുമായി കൂട്ടിയിടിച്ചത്. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയുണ്ടായ അപകടത്തിൽ ഗൗതമിന് ഗുരുതര പരിക്കേറ്റു. 28 ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 29ന് വിദഗ്‌ധ ചികിത്സയ്‌ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. 30ന് രാവിലെ എട്ടരയോടെ ഗൗതം മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തണമെങ്കിൽ ഇരിട്ടി പൊലീസ് ചെന്നെയിലെത്തി ഇൻക്വസ്റ്റ് നടത്തണം. ഇതിനായി ചെന്നൈ പൊലീസ് ഗൗതമിന്റെ കുടുംബത്തോട് രണ്ടുനാൾ കാത്തിരിക്കാൻ പറഞ്ഞു.
ഇൻക്വസ്‌റ്റ് വിവരം ചെന്നെ പൊലീസ് ഇരിട്ടിയിൽ അറിയിച്ചു. ഉടൻ ഇരിട്ടി പൊലീസ് നടപടികൾ നീക്കി. ഫെയ്ൻജൽ ചുഴലിക്കാറ്റിലും കനത്ത മഴയിലും ചെന്നൈ നഗരം വിറങ്ങലിച്ച് നിൽക്കവെ ഇരിട്ടി പൊലീസ് നാലുമണിക്കൂറിനകം ചെന്നൈയിലെത്തി. എസ്‌എച്ച്‌ഒ എ കുട്ടികൃഷ്ണൻ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വാങ്ങി എസ്ഐ റജി സ്കറിയയെ വിമാനമാർഗം ചെന്നെയിൽ എത്തിക്കുയായിരുന്നു. രാവിലെ 11.10ന് മട്ടന്നൂരിൽനിന്ന് ചെന്നെയിലേക്കുള്ള വിമാനത്തിലാണ് എസ്‌ഐക്ക് യാത്ര ഒരുക്കിയത്. പകൽ 12.20ന് ചെന്നൈയിൽ എത്തിയ എസ്‌ഐ റജി സ്കറിയ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വൈകിട്ട് നാലരയോടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഗൗതമിന്റെ മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ അച്ഛൻ ഷൺമുഖത്തിന് കരച്ചിൽ അടക്കാനായില്ല. രണ്ടുദിവസം കാത്ത് നിൽക്കണമെന്നറിയിച്ച ചെന്നൈ പൊലീസിനാവട്ടെ ഇരിട്ടി പൊലീസിന്റെ ഇടപെടലിൽ അത്ഭുതവും അമ്പരപ്പും. ഇരിട്ടി പൊലീസിന്റെ അതിവേഗമുള്ള നടപടി വഴിയാണ് കാലതാമസമില്ലാതെ ഇൻക്വസ്റ്റ് നടത്താൻ സാധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..