മട്ടന്നൂർ
കോൺഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില ഉൾപ്പെടെ കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും 39 നേതാക്കള്‍ രാജിവച്ചു. രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറി. മട്ടന്നൂർ കോ–--ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതിയുടെ തെറ്റായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഇവരുടെ രാജി. പാർടി നേതാക്കളായ ഡയറക്ടർമാരെ അവഗണിച്ച് ബാഹ്യശക്തികൾ ബാങ്ക് ഭരണം ഹൈജാക്ക് ചെയ്തെന്നാണ് രാജിക്കാരുടെ വാദം. പുതുതായി ചുമതലയേറ്റ സുധാകരപക്ഷക്കാരായ നേതാക്കളാണ് ഇതിലേറെയും. യൂത്ത്കോൺഗ്രസ്, കെഎസ്‌യു ജില്ലാ സഹഭാരവാഹികളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം രാജിവച്ചവരുടെ ഇഷ്ടക്കാര്‍ക്ക് ബാങ്കില്‍ ജോലി നല്‍കാത്തതാണ് ഇവരുടെ കൂട്ടരാജിക്ക് കാരണമെന്നാണ് ബാങ്ക് ഭരണസമിതിയിലെ മുതിര്‍ന്ന നേതാക്കളുടെ വാദം. മാധ്യമങ്ങളെ ഉപയോഗിച്ച് ബാങ്ക് ഭരണസമിതിയെ കരിവാരിത്തേച്ച് സംസ്ഥാന-–-ജില്ലാ നേതാക്കളെ സമ്മര്‍ദത്തിലാക്കി നേട്ടമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അവർ പറയുഞ്ഞു.
കഴിഞ്ഞ ആഗസ്‌തില്‍ റൂറല്‍ ബാങ്കിൽ ബന്ധുനിയമനം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബാങ്ക് മുൻ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ പി പ്രഭാകരന്റെ ബിജെപി ബന്ധമുള്ള കൊച്ചുമകന് ജോലി നൽകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. ഇതേ ബാങ്കില്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്രിക നല്‍കിയ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാന്‍ ടി വി രവീന്ദ്രനെയും കോൺഗ്രസ് കീഴല്ലൂർ മണ്ഡലം മുൻ പ്രസിഡന്റ് പി നാരായണനെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ്ചെയ്തു. മാപ്പെഴുതിക്കൊടുത്തതിനെ തുടര്‍ന്നാണ് ഇരുവരെയും തിരിച്ചെടുത്തത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കോൺഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള മട്ടന്നൂർ ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് കോ–--ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നേതാക്കള്‍ കോഴവാങ്ങി നിയമനം നടത്തിയെന്നാരോപിച്ചും യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം മാര്‍ച്ച് നടത്തിയിരുന്നു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുതിര്‍ന്ന നേതാക്കളും പുതുതായി സ്ഥാനമേറ്റ യുവനേതാക്കളും തമ്മിലുടലെടുത്ത സംഘടനാ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ജില്ലാ നേതൃത്വം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..