22 December Sunday
ചാൽ ബീച്ചിലെത്തിയാൽ കാണാം

പാറിപ്പറക്കുന്ന നല്ല കാഴ്‌ച

ആദർശ്‌ ലക്ഷ്‌മണൻUpdated: Friday Oct 4, 2024

അഴീക്കോട് ചാൽബീച്ചിൽ നട്ടുപിടിപ്പിച്ച കിലുക്കിച്ചെടികൾക്കിടയിലേക്ക് എത്തിയ പൂമ്പാകൾ.

‌അഴീക്കോട്
പീലിയഴകുമായി പൂക്കളിൽനിന്ന്‌ പൂക്കളിലേക്ക്‌ പറന്ന് മധുവുണ്ണുന്ന ബുദ്ധമയൂരി,  കുഞ്ഞുചിറകുമായി മൃദുസഞ്ചാരം നടത്തുന്ന പൊട്ടുവെള്ളാട്ടി,  ദേശാടന വിസ്‌മയം തീർക്കുന്ന ആൽബട്രോസ്‌,   മഴവിൽച്ചിറകുമായി  പാറിപ്പറക്കുന്ന പൂമ്പാറ്റക്കാഴ്‌ചകളിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ ചാൽ ബീച്ച്‌.  
അസ്‌തമനസൂര്യന്റെ ചെഞ്ചായവും കടലിന്റെ പശ്‌ചാത്തലവുംകൂടി ചേരുമ്പോഴുള്ള മനോഹര കാഴ്‌ചതേടിയെത്തുന്ന സഞ്ചാരികൾ ഏറെ.  ബീച്ചിൽ നട്ടുപിടിപ്പിച്ച കിലുക്കിച്ചെടികളാണ് പൂമ്പാറ്റകളെ ഇവിടേക്ക്‌ ആകർഷിക്കുന്നത്‌. സോഷ്യൽ ഫോറസ്ട്രി അസി.  കൺസർവേറ്റർ ജോസ് മാത്യൂവിന്റെ നിർദേശ പ്രകാരം കടലാമ സംരക്ഷണകേന്ദ്രം പ്രവർത്തകരായ സുനിൽ അരിപ്പയും ഷിജിൽ കോട്ടായിയുമാണ്‌  ചെടികൾ നട്ടുപിടിപ്പിച്ചത്.
നേരത്തെ മാലിന്യംതള്ളിയ കരിങ്കൽക്കുഴി മണ്ണിട്ട് മുടിയാണ്‌  വിത്തിട്ടത്‌.  ചെടി പൂവിട്ടതോടെ പൂമ്പാറ്റകൾ എത്തിത്തുടങ്ങി. ചിത്രശലഭങ്ങളുടെ കാഴ്ച കാണാനും ഫോട്ടോ പകർത്താനും  നിരവധി പേരെത്തുന്നു.   ചെടികൾക്കിടയിൽ അനവധി പ്യൂപ്പകളുണ്ട്‌. ഇതും സഞ്ചാരികളെ ആകർഷിക്കുന്നു.  
കടലാമ സംരക്ഷണം, കടലാമ പ്രജനനം, കടൽപ്പക്ഷി സംരക്ഷണം തുടങ്ങിയ പാരിസ്ഥിക പ്രവർത്തനങ്ങൾ ചാൽ ബീച്ചിനോട് ചേർന്ന് വർഷങ്ങളായി സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്.  
അടുത്ത വർഷം കൂടുതൽ സ്ഥലങ്ങളിൽ കിലുക്കിച്ചെടി നട്ടുപിടിപ്പിക്കുമെന്ന്‌  ചാൽബീച്ച് പങ്കാളിത്ത ഹരിതസമിതി കോ - ഓഡിനേറ്റർ സുനിൽ അരിപ്പ പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top