കൂത്തുപറമ്പ്
ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖല സാക്ഷ്യം വഹിച്ചത്. കണ്ണവം വനത്തിൽ ചെമ്പുകാവ്, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് വലിയ നഷ്ടംവരുത്തിയത്. വെള്ളം ഇരച്ചെത്തിയത് പകൽസമയത്തായതിനാൽ ജീവൻ നഷ്ടമായില്ലെങ്കിലും നൂറുകണക്കിന് കുടുംബങ്ങൾക്ക് കിടപ്പാടം ഉൾപ്പെടെ ജീവനോപാധികൾ മുഴുവൻ നഷ്ടമായി. മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, മാലൂർ പഞ്ചായത്തുകളിൽ 80 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മാങ്ങാട്ടിടത്ത് 21, ചിറ്റാരിപ്പറമ്പിൽ 10, മാലൂരിൽ എട്ടും വീടുകൾ തകർന്നു. അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകി വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ നശിച്ചു. മാങ്ങാട്ടിടത്തെ നീർവേലി, മെരുവമ്പായി, കണ്ടംകുന്ന്, ആയിത്തര, മാണിക്കോത്ത് വയൽ, വെള്ളാനപ്പൊയിൽ, ചിറ്റാരിപ്പറമ്പിലെ പൂഴിയോട്, കണ്ണവം, കൈച്ചേരി, തൊടീക്കളം, മൊടോളി, കളരിക്കൽ, വട്ടോളി, ഇടുമ്പ, കോട്ടയിൽ, മുടപ്പത്തൂർ, മാലൂരിലെ ചെമ്മരം, കുണ്ടേരിപ്പൊയിൽ, നിട്ടാറമ്പ്, മുടപ്പത്തൂർ ഭാഗങ്ങൾ മുങ്ങി. കാർഷിക മേഖലയിൽ വാൻ നാശമുണ്ടായി. മാലൂരിലും കുണ്ടേരിപ്പൊയിലിലും നേന്ത്രവാഴകൃഷി നശിച്ചു. വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയി. കൈച്ചേരി പുഴയിലെ പാലം, കുട്ടപ്പാലം, നാറാണത്ത് അമ്പലത്തിന് സമീപമുള്ള നടപ്പാലം, ആയിത്തര കോൺക്രീറ്റ് നടപ്പാലം എന്നിവ തകർന്നു. പൊന്നിടിഞ്ഞിമല ഇടിഞ്ഞതിനെ തുടർന്ന് മാലൂർ ടൗണിൽ വെള്ളം കയറി. റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ നശിച്ചു. നീർവേലി പാലോട്ടുകുന്നിലെ 30 കുടുംബങ്ങളെ അഗ്നിരക്ഷാസേന സ്കൂബ ബോട്ട് എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. മിക്ക വീടുകളിലെയും ടിവി, ഫ്രിഡ്ജ്, ഫർണിച്ചർ ഉൾപ്പെടെ ഗൃഹോപകരണങ്ങളും വസ്‌ത്രങ്ങളും മറ്റും നശിച്ചു. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയപ്പോൾ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ശുചീകരിച്ചാണ് പല കുടുംബങ്ങളെയും സ്വന്തം വീടുകളിലേക്ക് മാറ്റിയത്. തകരുകയോ വാസയോഗ്യമല്ലാതാവുകയോചെയ്ത വീടുകളിലുള്ളവർ ബന്ധുവീടുകളിൽ കഴിയുകയാണ്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പഞ്ചായത്ത് ഓഫീസുകൾ കേന്ദ്രീകരിച്ച് റിലീഫ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..