കണ്ണൂർ
‘മാനവികത ഉയർത്തിപ്പിടിക്കാം, വീണ്ടെടുക്കാം വയനാടിനെ' എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനായി ജനങ്ങളെയും സ്ഥാപനങ്ങളെയും ആഹ്വാനം ചെയ്യാൻ സിപിഐ എം പ്രവർത്തകർ സ്ഥാപനങ്ങളും വീടുകളും സന്ദർശിക്കും. ആറ് മുതൽ 11 വരെയാണ് സന്ദർശനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന നൽകാൻ ബഹുജനങ്ങളോടും സംഘടനകളോടും സ്ഥാപനങ്ങളോടും ജില്ലാസെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. ഇതിനായി ജില്ലയിൽ 4,402 സ്‌ക്വാഡുകൾ രംഗത്തിറങ്ങും.
ജില്ലാ കമ്മിറ്റി അഞ്ച് ലക്ഷം രൂപ നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങൾ വ്യക്തിപരമായ സംഭാവനയും നൽകും. പൊതുപിരിവ് നടത്തില്ല. അവരവരുടെ ഗൂഗിൾ അക്കൗണ്ട് വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ വ്യക്തിയുടെ സംഘടനയുടെ സ്ഥാപനത്തിന്റെ പേരിലാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന അയക്കാൻ അഭ്യർഥിക്കുക. ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളോ മറ്റു സംവിധാനങ്ങളോ ബാങ്ക് അക്കൗണ്ടോ ഇല്ലാത്തവരെ പാർടി സ്‌ക്വാഡുകൾ ബാങ്ക് വഴി തുക അടക്കാൻ സഹായിക്കും. ബ്രാഞ്ച് വരെയുള്ള എല്ലാ ഘടകങ്ങളും അംഗങ്ങളുടെ വിഹിതം ശേഖരിച്ച് ഒന്നിച്ച് അടക്കും. ക്യാമ്പയിൻ വിജയിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളും രംഗത്തിറങ്ങണമെന്ന് ജില്ലാ സെക്രട്ടറി അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..