22 November Friday

കളത്തിൽ നിറയ്‌ക്കാം സ്വന്തം പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

മാഹി മുണ്ടോക്കിലെ ചെണ്ടുമല്ലിപ്പാടം

തലശേരി
ഓണത്തിന്‌ ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളിലേക്ക്‌ കണ്ണുംനട്ട്‌ കാത്തിരുന്ന കാലത്തിന്‌ പതുക്കെ വിടപറയാം. നമ്മുടെ ഓണപ്പൂക്കളങ്ങളിലേക്ക്‌ ഇത്തവണ നാടൻപൂക്കളുമെത്തും. കർഷകസംഘം പ്രവർത്തകർ നട്ടുനനച്ച്‌ വളർത്തിയ ചെണ്ടുമല്ലിയും ജമന്തിയും മല്ലികയും പൂക്കളങ്ങളെ കൂടുതൽ വർണാഭമാക്കും. കർഷകസംഘം മാഹി വില്ലേജ്‌ കമ്മിറ്റിയുടെ പൂപ്പാടത്തിൽനിന്നുള്ള വർണപുഷ്‌പങ്ങളും ഇത്തവണ ഓണവിപണിയിലെത്തുകയാണ്‌. 
    മുണ്ടോക്ക്‌ ക്ഷേത്രത്തിനടുത്ത  ഒരേക്കറിൽ  55 ദിവസം മുൻപാണ്‌ പൂച്ചെടി നട്ടത്‌. അന്ന്‌ മുതൽ ദിവസവും രാവിലെയും വൈകിട്ടും വെള്ളം നനച്ച്‌ പരിപാലിച്ചവരുടെ കണ്ണും മനസും നിറയുന്നതാണിപ്പോഴത്തെ കാഴ്‌ച. പാടത്ത്‌ വിരിഞ്ഞുനിൽകുന്ന ചെണ്ടുമല്ലി ഗുണ്ടൽപേട്ടിലെത്തിയ അനുഭവമാണ്‌ സമ്മാനിക്കുന്നത്‌. സി ടി വിജീഷ്‌, കെ പി നൗഷാദ്‌, മനോഷ്‌കുമാർ, കെ രജിൽ എന്നിവരാണ്‌ ഈ ആശയത്തിന്‌ പിറകിൽ. കൃഷിവകുപ്പ്‌ ജോയിന്റ്‌ ഡയറക്ടറായി വിരമിച്ച കെ പി ജയരാജന്റെ നിർദേശങ്ങൾകൂടിയായതോടെ കൃഷി വിജയം.
 മാഹി ടൗണിലും കൃഷിയോ എന്ന്‌ ചോദിച്ചവർക്കുള്ള ഉത്തരമാണ്‌ കർഷകസംഘം നൽകുന്നത്‌. കഴിഞ്ഞ ഓണക്കാലത്ത്‌ പുത്തലം ക്ഷേത്രത്തിന്‌ സമീപത്തെ 17 സെന്റിലെ പൂക്കൃഷിയിലെ വിജയമാണ്‌ പ്രചോദനമായത്‌. 
 പ്രവാസിയായ മാഹി സ്വദേശി ജിനോസ്‌ ബഷീർ ആണ്‌ കൃഷിക്ക്‌ സ്ഥലംവിട്ടുനൽകിയത്‌. പൂക്കൃഷിയിൽ മാത്രം ഒതുങ്ങുന്നില്ല കർഷകസംഘത്തിന്റെ പ്രവർത്തനം. വ്യത്യസ്‌തമായ കൃഷികളിലൂടെ കാർഷിക മേഖലയിൽ നിശബ്ദ വിപ്ലവം സൃഷ്‌ടിക്കുകയാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങൾ. കാർഷികരംഗത്ത്‌ മാഹിയെ മാതൃകയാക്കാനാണ്‌ കർഷകസംഘം നിർദേശിക്കുന്നതെന്ന്‌ ഏരിയാ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ പറഞ്ഞു.  
വിപണിയിൽ 
മാഹി ചില്ലീസും
വറ്റൽ മുളക്‌ കൃഷിയിലും മാഹി വിജയം കൊയ്‌തതാണ്‌. വറ്റൽ മുളക്‌ പൊടിച്ച്‌ മാഹി ചില്ലീസ്‌ എന്ന പേരിൽ ബ്രാൻഡ്‌ ചെയ്‌ത്‌ വിപണിയിലെത്തിച്ചും ഇവർ കൈയടി നേടി. 
കേബേജ്‌, കോളിഫ്‌ളവർ, വെള്ളരി, തണ്ണിമത്തൻ കൃഷിയിലും മികച്ച വിളവായിരുന്നു. തരിശുഭൂമി പൂർണമായും കൃഷിയോഗ്യമാക്കുകയെന്ന ദൗത്യമാണ്‌  കർഷകസംഘം ഏറ്റെടുത്തത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top