24 November Sunday

വെളിച്ചമായി വെളിച്ചെണ്ണ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കല്യാശേരി ബ്രാൻഡ് വെളിച്ചെണ്ണ വിപണിയിലിറക്കൽ എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 ചെറുകുന്ന്

ഒരു മായവും കലരാത്ത ഒന്നാന്തരം വെളിച്ചെണ്ണയുമായി  കർഷകക്കൂട്ടായ്മയുടെ കരുത്തിൽ ‘കല്യാശേരി ’ബ്രാൻഡ് വെളിച്ചെണ്ണ.  വിപണിവിലയേക്കാൾ കൂടുതൽ നൽകി  കർഷകരിൽനിന്ന്‌ നല്ല തേങ്ങ സംഭരിച്ചാണ്‌   ‘കല്യാശേരി’ വെളിച്ചെണ്ണയൊരുക്കുന്നത്‌.  രുചിയിലും സൗരഭ്യത്തിലും ഈ വെളിച്ചെണ്ണയ്ക്ക് പകരംനിൽക്കാന്‍ മറ്റൊന്നിനുമാവില്ലെന്നാണ്‌  നിർമാതാക്കളായ കല്യാശേരി ബ്ലോക്ക് ഫാം പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രവർത്തകർ പറയുന്നത്‌. പണ്ടുകാലത്ത്‌  വീടുകളില്‍ ഉണ്ടാക്കിയിരുന്ന  ഉരുക്ക് വെളിച്ചെണ്ണ നിർമിക്കുന്ന രീതിയിലാണ്‌ ഈ ബ്രാൻഡും  ഒരുക്കുന്നത്‌.  
     വെളിച്ചെണ്ണ വിപണിയിലിറക്കൽ  എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ചെറുകുന്ന് പള്ളിക്കര മസ്ജിദിന് സമീപത്താണ് ഉൽപ്പാദന- വിപണനകേന്ദ്രം. തേങ്ങയുടെയും ഇടവിള കൃഷികളുടെയും സ്വാഭാവിക ഉൽപ്പന്നങ്ങളോടൊപ്പം മൂല്യവർധിത ഉൽപ്പന്നങ്ങളുണ്ടാക്കിയും വിപണനംചെയ്യും. 
ഫാംപ്ലാൻ പദ്ധതി ഗുണഭോക്താക്കളായ കല്യാശേരി ബ്ലോക്കിലെ എട്ട് പഞ്ചായത്ത് പരിധിയിലെയും 20 അംഗങ്ങൾ വീതമുള്ള ഗ്രൂപ്പുകളെചേർത്താണ് സൊസൈറ്റി രൂപീകരിച്ചത്. 160 സംയോജിത കർഷകർ സൊസൈറ്റിയുടെ ഭാഗമായുണ്ട്‌. സൊസൈറ്റി അംഗം എം മുനീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഒരുവർഷത്തേക്ക് സൗജന്യമായി നൽകിയാണ് പ്രവർത്തനസൗകര്യമൊരുക്കിയത്.   അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്മെന്റ്‌ മുഖേന ഉപകരണങ്ങൾ ലഭ്യമാക്കി. 
ചടങ്ങിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി നിഷ (ചെറുകുന്ന്), കെ രതി (കണ്ണപുരം), വൈസ് പ്രസിഡന്റുമാരായ എം ഗണേശൻ (കണ്ണപുരം), പി വി സജീവൻ (ചെറുകുന്ന്), സൊസൈറ്റി പ്രസിഡന്റ്‌ കെ ശ്രീധരൻ, സെക്രട്ടറി ഇ പി ചന്ദ്രാംഗദൻ, ഇ എൽ ഷേർളി, കെ അനിത, കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർ ബി സുഷ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top