05 November Tuesday
ചികിത്സ നൽകിയില്ലെന്ന്‌ പരാതി

അങ്കണവാടിയിലെ വാതിൽപ്പടിയിൽ തട്ടിവീണ കുട്ടിക്ക്‌ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024
പഴയങ്ങാടി
അങ്കണവാടിയിലെ വാതിൽപ്പടിയിൽ തട്ടിവീണ്‌ ഗുരുതര പരിക്കേറ്റ മൂന്നരവയസ്സുകാരനെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച പകൽ പന്ത്രണ്ടിനാണ്‌ ഏഴോം പഞ്ചായത്തിലെ  വെടിയപ്പൻചാൽ  അങ്കണവാടിയിൽ കളിക്കുന്നതിനിടെ കുട്ടി വീണത്‌. തലയ്‌ക്ക്‌   മുറിവേറ്റ കുട്ടിക്ക് അങ്കണവാടി ജീവനക്കാർ  മരുന്ന് വച്ചുകെട്ടി. പകൽ മൂന്നോടെ ബന്ധു  കുട്ടിയെ വീട്ടിലേക്ക്‌ കൂട്ടി.  
   രാത്രി  കടുത്ത പനി അനുഭവപ്പെടുകയും പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് കണ്ണൂർ ഗവ.  മെഡിക്കൽ കോളേജാശുപത്രിയിൽ  പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജ്‌  ആശുപത്രിയിലേക്ക്‌ മാറ്റി. 
   കുട്ടിക്ക് തലയ്‌ക്ക് പരിക്കേറ്റ വിവരം അറിയിച്ചില്ലെന്നും  മുറിവേറ്റ ഭാഗത്ത് ചായപ്പൊടി പോലുള്ള വസ്തുവാണ്‌ കെട്ടിവച്ചതെന്നുമാണ്‌  രക്ഷിതാക്കൾ  പറയുന്നത്‌. പഴയങ്ങാടി പൊലീസിൽ പരാതിയും നൽകി.  രക്ഷിതാക്കളെ ഉടൻ വിവരം അറിയിച്ചെന്നാണ്‌  അങ്കണവാടി ജീവനക്കാർ പറയുന്നത്‌. 

അങ്കണവാടി ജീവനക്കാരെ സസ്‌പെൻഡുചെയ്തു

കണ്ണൂർ
ഏഴോം പഞ്ചായത്തിലെ വെടിയപ്പൻചാൽ അങ്കണവാടിയിൽ മൂന്നരവയസ്സുകാരൻ വീണു പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി വർക്കറെയും ഹെൽപ്പറെയും അന്വേഷണവിധേയമായി സസ്‌പെൻഡുചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ  ആരോഗ്യ–-വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസനവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. സംഭവം രക്ഷിതാക്കളെയും  മേലധികാരികളെയും അറിയിക്കുന്നതിൽ വീഴ്ചവരുത്തിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി നിർദേശം നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top