പാപ്പിനിശേരി> ജടായുപ്പാറയിൽ പ്രവേശനം നിഷേധിച്ചതിനെതിരെ വിനോദയാത്രാസംഘം നൽകിയ പരാതിയിൽ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കൊല്ലം ചടയമംഗലത്തെ വിനോദസഞ്ചാരകേന്ദ്രമായ ജടായുപ്പാറ പക്ഷിശിൽപ്പ സമുച്ചയം സന്ദർശിക്കാനെത്തിയ അഞ്ചംഗ അധ്യാപകസംഘത്തിന് പ്രവേശനം നിഷേധിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയിലാണ് 52,775 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ഉപഭോക്തൃതർക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്.
അധ്യാപകരായ കെ പത്മനാഭൻ, വി വി നാരായണൻ, വി വി രവി, കെ വിനോദ് കുമാർ, കെ മനോഹരൻ എന്നിവരടങ്ങിയ സംഘം 2023 സെപ്തംബർ ഒന്നിന് നെരുവമ്പ്രത്തുനിന്നാണ് യാത്ര പോയത്. ടിക്കറ്റെടുത്ത് ബേസ് സ്റ്റേഷനിൽനിന്ന് റോപ്പിലൂടെ ജടായുപ്പാറക്ക് മുകളിലെത്തിയപ്പോഴാണ് സന്ദർശകർക്ക് അകത്ത് പ്രവേശനമില്ലെന്ന ബോർഡ് കണ്ടത്. ഇതുസംബന്ധിച്ച് പാറയിൽ ചുമതലയിലുണ്ടായിരുന്നവരോട് സംസാരിച്ചെങ്കിലും പ്രശ്നം പരിഹരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃതർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
നടത്തിപ്പുകാരായ ഉഷാ ബ്രിക്കോ ലിമിറ്റഡ്, ജടായുപ്പാറ ടൂറിസം പ്രൊജക്ട് എന്നീ സ്ഥാപന മേധാവികളാണ് നഷ്ടപരിഹാരം നൽകേണ്ടത്. ജടായുപ്പാറക്ക് മുകളിലെത്തിച്ച് സന്ദർശകർക്ക് സേവനം നൽകാത്ത സ്ഥാപന ഉടമകളുടെ നിലപാട് ഗുരുതര വീഴ്ചയായി കണ്ടാണ് 25,000 രൂപ വീതം രണ്ട് കക്ഷികളും ടിക്കറ്റ് തുകയായ 2775 രൂപ രണ്ടു കക്ഷികൾ കൂട്ടായും ഒരുമാസത്തിനകം നൽകാൻ ഉത്തരവിട്ടത്.
വീഴ്ചവന്നാൽ ഒൻപത് ശതമാനം പലിശ കൂടി നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷ കൻ തളിപ്പറമ്പിലെ ടി വി ഹരീന്ദ്രൻ ഹർജിക്കാർക്കുവേണ്ടി ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..